ചെന്നൈ: പട്ടികജാതിയിൽപ്പെട്ട വിദ്യാർഥികളെക്കൊണ്ട് സ്കൂളിലെ ശൗചാലയം കഴുകിച്ചതിന് സർക്കാർസ്കൂളിലെ പ്രഥമാധ്യാപികയുടെ പേരിൽ തമിഴ്നാട് പോലീസ് കേസെടുത്തു. ഈറോഡ് ജില്ലയിലെ പാലക്കരൈയിലാണ് സംഭവം.
പാലക്കരൈ പഞ്ചായത്ത് യൂണിയൻ ഹൈസ്കൂളിലെ പ്രഥമാധ്യാപിക ഗീതാറാണിയാണ് പട്ടികജാതിയിൽപ്പെടുന്ന കുട്ടികളെ തിരഞ്ഞുപിടിച്ച് ശൗചാലയം കഴുകുന്ന ജോലി ഏൽപ്പിച്ചത്. കുട്ടികളിലൊരാളുടെ രക്ഷാകർത്താവായ ജയന്തി നൽകിയ പരാതിയിലാണ് കേസെടുത്തത്.
അഞ്ചാംക്ലാസിൽ പഠിക്കുന്ന മകന് ഡെങ്കിപ്പനി വന്നെന്നും അതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടതെന്നും ജയന്തി പറയുന്നു. കക്കൂസ് കഴുകാൻ പോകുമ്പോഴാണ് കൊതുകുകടിയേറ്റതെന്ന് മകൻ പറഞ്ഞു. പ്രഥമാധ്യാപിക ദളിത് വിദ്യാർഥികളെക്കൊണ്ട് സ്ഥിരമായി ഈ ജോലിചെയ്യിക്കാറുണ്ടെന്ന് മറ്റുകുട്ടികളും പറഞ്ഞു. ബാലാവകാശനിയമപ്രകാരവും പട്ടികജാതിക്കാർക്കെതിരായ പീഡനം തടയുന്നതിനുള്ള നിയമപ്രകാരവും ഗീതാറാണിയുടെ പേരിൽ കേസെടുത്തിട്ടുണ്ട്. ഒളിവിൽപ്പോയ പ്രഥമാധ്യാപികയ്ക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..