ഇരട്ടസഹോദരിമാർക്ക് വരനായി ബാല്യകാലസുഹൃത്ത്


പോലീസ് കേസെടുത്തു

മുംബൈ: ജനിച്ചപ്പോൾമുതൽ ഒരുമിച്ചുള്ള ഇരട്ടസഹോദരിമാരായ ഐ.ടി. എൻജിനിയർമാർ വരനായി തിരഞ്ഞെടുത്തത് ഒരാളെ. മുംബൈയിലെ ഐ.ടി. എൻജിനിയർമാരായ റിങ്കിയും പിങ്കിയുമാണ് ബാല്യകാലസുഹൃത്തായ അതുൽ ഉത്തം അവ്താഡെയെ വിവാഹംചെയ്തത്. അതുലിന് വിനോദ സഞ്ചാരമേഖലയിലാണ് ജോലി. സോലാപുർ സ്വദേശികളാണ് മൂവരും. ആദ്യം വീട്ടുകാർ എതിർത്തെങ്കിലും പിന്നീട് വിവാഹത്തിന് സമ്മതിച്ചു

സോലാപുർ ജില്ലയിലെ മൽഷിറാസ് താലൂക്കിലെ അക്ലൂജിലായിരുന്നു വിവാഹ ചടങ്ങുകൾ. ബന്ധുക്കളടക്കം ഒട്ടേറെപേർ പങ്കെടുത്ത വിവാഹചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ തരംഗമായി.

റിങ്കിക്കും പിങ്കിക്കും ചെറുപ്പംമുതലേ അതുലിനെ അറിയാം. ഒപ്പം കളിച്ച് വളർന്നവരാണ് മൂവരും. ഇരുവർക്കും അതുലിനോട് പ്രണയമുണ്ടായിരുന്നു. യുവതികളുടെ അസുഖബാധിതനായ അച്ഛനെ ആശുപത്രിയിലേക്കെത്തിച്ചത് അതുലായിരുന്നു. അച്ഛൻ മരിച്ചതിനുശേഷം അസുഖം വന്നാൽ ഇരട്ടസഹോദരിമാരെ ചികിത്സയ്ക്കുകൊണ്ടുപോയതും അതുലാണ്. യാത്രയിൽ മൂവരും അടുത്തു. രണ്ടുപേരും അതുലിനെ പിരിയാൻവയ്യ എന്ന അവസ്ഥയിലായി. വിവാഹക്കാര്യം ഇരുവരും വീട്ടിൽ അറിയിച്ചു. ഒരാളുടെ വിവാഹത്തിന് അനുവാദം നൽകാമെന്നാണ് ആദ്യം വീട്ടുകാർ പറഞ്ഞത്. എന്നാൽ ഇരുവരും സമ്മതിച്ചില്ല. തുടർന്ന് അതുലിനെ ഒരുമിച്ച് വിവാഹം ചെയ്യാമെന്ന ധാരണയിലെത്തി.

ഒരേ ഛായയുള്ള ഇരട്ടകളാണ് റിങ്കിയും പിങ്കിയും. ഇരുവരും പഠിച്ചതും വളർന്നതും ജോലിചെയ്യുന്നതുമെല്ലാം ഒരുമിച്ചായിരുന്നു. ഒരാളെ വിവാഹം ചെയ്താൽ പിരിയേണ്ടിവരില്ലെന്നതും തീരുമാനത്തിന് കാരണമായി. എന്നാൽ ഇവരുടെ വിവാഹം നിയമപരമാണോ എന്ന ചോദ്യമുയർന്നിട്ടുണ്ട്. രാജ്യത്ത് ബഹുഭാര്യത്വം നിരോധിച്ചതാണ്. സഹോദരിമാരെ ഒരാൾ വിവാഹംചെയ്തതിൽ നിയമപ്രശ്നമുണ്ടെന്ന് നിയമവിദഗ്ധർ പറയുന്നു. ഇവരുടെ വിവാഹം പോലീസ് സ്റ്റേഷനിലുമെത്തി. മാലേവാഡിയിൽനിന്നുള്ള രാഹുൽ ഫൂലെ വിവാഹത്തിനെതിരേ പരാതി നൽകി. തുടർന്ന് പോലീസ് കേസെടുത്തിരിക്കുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..