ന്യൂഡൽഹി: മുഖ്യമന്ത്രി അശോക് ഗഹ്ലോതുമായി പ്രശ്നങ്ങളില്ലെന്നും രാജസ്ഥാനിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ജയവുമാണ് ഇപ്പോൾ മുന്നിലുള്ളത്. വിവാദമുണ്ടാക്കാൻ കെട്ടുകഥകൾ പ്രചരിക്കുന്നുണ്ടാകാമെന്നും എന്നാൽ പാർട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര ഞായറാഴ്ച സംസ്ഥാനത്ത് പ്രവേശിച്ചു.
മറ്റു സംസ്ഥാനങ്ങളിലേതുപോലെ രാജസ്ഥാനിലും യാത്ര വിജയമായി മാറുമെന്ന് പൈലറ്റ് പറഞ്ഞു. വ്യക്തികളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രസക്തിയില്ല. പാർട്ടിയെന്നനിലയിൽ എല്ലാവരും ചേർന്ന് യാത്രയുടെ വിജയത്തിനായി പ്രവർത്തിക്കുകയാണ്. യോജിച്ച പ്രവർത്തനത്തിലൂടെ സംസ്ഥാനത്ത് ഭരണത്തുടർച്ച നേടാനാണ് ലക്ഷ്യമിടുന്നത്. 2013-ൽ വെറും 21 സീറ്റുനേടിയ സ്ഥാനത്തുനിന്നാണ് പിന്നീട് അധികാരം പിടിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുനടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് രാഷ്ട്രീയപ്രസക്തിയുണ്ട്. ഭാരത് ജോഡോ യാത്രയ്ക്ക് ദക്ഷിണേന്ത്യയിൽ മാത്രമേ വരവേൽപ്പ് കിട്ടുകയെന്നായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും യാത്രയ്ക്ക് ലഭിച്ച ജനപിന്തുണ കണ്ട് അവർ ആശങ്കയിലാണ്.
കോൺഗ്രസിൽ തർക്കമെന്ന് പറയുന്ന ബി.ജെ.പി.ക്കാർ ആദ്യം സ്വന്തം പാർട്ടയിലെ പ്രശ്നങ്ങൾ തീർക്കണം. രാജസ്ഥാനിൽ നാലുവർഷമായി നല്ലൊരു പ്രതിപക്ഷമായി മാറാൻ ബി.ജെ.പി.ക്ക് സാധിച്ചിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി ഒരു ഡസനോളം ബി.ജെ.പി. നേതാക്കളാണ് അവകാശമുന്നയിക്കുന്നത്. കഴിഞ്ഞയിടെ ബി.ജെ.പി. ആരംഭിച്ച ജൻ ആക്രോശ് രഥയാത്ര ആദ്യദിനംതന്നെ പരാജയപ്പെട്ടെന്നും പൈലറ്റ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..