തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ മാറിയേക്കും; സാധ്യതാപട്ടികയിൽ കാർത്തി ചിദംബരവും


ചെന്നൈ: തമിഴ്‌നാട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ.എസ്. അഴഗിരിയെ സ്ഥാനത്തുനിന്ന് മാറ്റാനുള്ളനീക്കങ്ങൾ ശക്തമായി. തലപ്പത്ത് പുതിയനിയമനത്തിനായി കാത്തിരിക്കുകയാണെന്ന് കോൺഗ്രസ് തമിഴ്‌നാട് നിയമസഭാകക്ഷി നേതാവ് ശെൽവപെരുന്തകൈ പറഞ്ഞു.

തമിഴ്നാട്ടിൽ ബി.ജെ.പി.യെയും അവരുടെ നയങ്ങളെയും എതിർക്കാൻ ഊർജസ്വലമായ നേതൃത്വംവേണമെന്നും ഇതിനുള്ള സാധ്യതാപട്ടിക തയ്യാറായിട്ടുണ്ടെന്നും സെൽവപെരുന്തകൈ വ്യക്തമാക്കി.

തിരുനെൽവേലി ജില്ലാകമ്മിറ്റിയിലെ നിയമനവുമായി ബന്ധപ്പെട്ടതർക്കമാണ് അഴഗിരിയ്‌ക്കെതിരേയുള്ള പടയൊരുക്കത്തിലേക്ക് നയിച്ചത്. നിയമനത്തെ എതിർത്ത് പാർട്ടി ആസ്ഥാനത്തുനടന്ന സംഘർഷത്തിന്റെപേരിൽ സംസ്ഥാന ഖജാൻജി റൂബി മനോഹരനെ ടി.എൻ.സി.സി. സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും എ.ഐ.സി.സി. ഇത് റദ്ദാക്കിയിരുന്നു. ഇതോടെ അഴഗിരിയെ നീക്കണമെന്ന ആവശ്യവും ശക്തമാകുകയായിരുന്നു.

മുൻകേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനും എം.പി.യുമായ കാർത്തി ചിദംബരം, കരൂർ എം.പി. ജ്യോതിമണി എന്നിവർക്കൊപ്പം സെൽവപെരുന്തകൈയുടെ പേരും പുതിയ ടി.എൻ.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. എന്നാൽ നിയമസഭാകക്ഷി നേതാവായതിനാൽ തനിക്ക് ടി.എൻ.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് താത്പര്യമില്ലെന്നാണ് സെൽവപെരുന്തകൈയുടെ പ്രതികരണം.

കോൺഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണച്ചത് കാർത്തി ചിദംബരത്തിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. എന്നാൽ അച്ഛൻ ചിദംബരത്തിന്റെ സ്വാധീനത്താൽ ഇതിനെ മറികടക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് കാർത്തിയുടെ അനുയായികൾ. രാഹുൽ ഗാന്ധിയുമായി അടുത്തബന്ധം പുലർത്തുന്ന നേതാവാണ് കരൂരിൽനിന്നുള്ള ലോക്‌സഭാംഗമായ ജ്യോതിമണി. ഭാരത് ജോഡോ യാത്രയിലെ അംഗമാണ് എഴുത്തുകാരികൂടിയായ ജ്യോതിമണി.

തമിഴ്‌നാട്ടിലെ ദളിത്പാർട്ടിയായ വി.സി.കെ. യിൽനിന്ന് കോൺഗ്രസിലെത്തിയ നേതാവാണ് സെൽവപെരുന്തകൈ. കടുത്തമത്സരത്തെ അതിജീവിച്ചാണ് നിയമസഭാകക്ഷി നേതാവായത്. ടി.എൻ.സി.സി. നേതൃത്വത്തിലെത്താൻ സെൽവപെരുന്തകൈ നടത്തുന്നശ്രമങ്ങളാണ് പാർട്ടിയിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അഴിഗിരിപക്ഷം ആരോപിക്കുന്നത്. മുൻസംസ്ഥാന അധ്യക്ഷന്മാരായ തിരുനാവക്കരശർ, ഇ.വി.കെ.എസ്. ഇളങ്കോവൻ, കെ.വി. തങ്കബാലു തുടങ്ങിയവരുടെ പിന്തുണ ശെൽവപെരുന്തകൈക്കുണ്ട്‌.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..