ഡി.എം.കെ.യുടെ ഹിന്ദിവിരുദ്ധ പ്രചാരണം തമിഴ്‌നാടിന് പുറത്തേക്കും


ചെന്നൈ: പ്രാദേശികഭാഷകൾക്കുമേൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരായ പ്രചാരണം തമിഴ്‌നാടിന് പുറത്തേക്ക് വ്യാപിപ്പിക്കാൻ ഡി.എം.കെ. പദ്ധതി തയ്യാറാക്കുന്നു. തമിഴ്‌നാടും ഡി.എം.കെ.യും മാത്രമാണ് ഹിന്ദിയെ എതിർക്കുന്നതെന്ന സംഘപരിവാർ പ്രചാരണത്തെ ചെറുക്കുകയാണ് ലക്ഷ്യം.

അയൽസംസ്ഥാനങ്ങളിൽ ഹിന്ദിയുടെ അധിനിവേശത്തിലേക്ക് വെളിച്ചംവീശുന്ന ചർച്ചാസമ്മേളനങ്ങൾ സംഘടിപ്പിച്ചുകൊണ്ടാണ് പ്രചാരണപ്രവർത്തനങ്ങൾ തുടങ്ങുക. ഡി.എം.കെ. യുവജനവിഭാഗം നേതാവ് ഉദയനിധി സ്റ്റാലിൻ നേതൃത്വം നൽകും.

അയൽസംസ്ഥാനങ്ങളിലെ സമാനമനസ്കരായ സംഘടനകളുമായി സഹകരിച്ചുപ്രവർത്തിക്കണമെന്ന് പാർട്ടി വിദ്യാർഥി വിഭാഗം അടുത്തിടെ തീരുമാനിച്ചിരുന്നു. മൂന്നുപതിറ്റാണ്ടിനിടെ ആദ്യമായാണ് ഡി.എം.കെ. മറ്റു സംസ്ഥാനങ്ങളിൽ സമ്മേളനങ്ങൾ ആസൂത്രണം ചെയ്യുന്നത്.

തമിഴ്‌നാടും ഡി.എം.കെ.യും മാത്രമാണ് ഹിന്ദിയെ എതിർക്കുന്നതെന്ന് വലതുപക്ഷ സംഘടനകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് ഡി.എം.കെ. വിദ്യാർഥിവിഭാഗം സെക്രട്ടറി സി.വി.എം.പി. ഏഴിലരശൻ പറഞ്ഞു. അതു ശരിയല്ല. വിവിധ സംസ്ഥാനങ്ങളിൽ വിവിധ സംഘടനകൾ ഹിന്ദി അധിനിവേശത്തിനെതിരേ പ്രക്ഷോഭം നടത്തുന്നുണ്ട്. കർണാടകത്തിൽ മെട്രോ സ്റ്റേഷനുകളിൽ ഹിന്ദിബോർഡു വെച്ചപ്പോൾ എതിർപ്പുയർത്തിയത് കോൺഗ്രസാണ്. മഹാരാഷ്ട്രയിൽ മറാഠിയുടെ രക്ഷയ്ക്കായി വലിയ പ്രതിഷേധം അരങ്ങേറിയിട്ടുണ്ട്. മറ്റുപല സംസ്ഥാനങ്ങളിലും ഏറിയും കുറഞ്ഞും ഹിന്ദിവിരുദ്ധ സമരങ്ങൾ നടക്കുന്നുണ്ട് -അദ്ദേഹം പറഞ്ഞു.

തൊഴിലിനും വിദ്യാഭ്യാസത്തിനും ഹിന്ദി പ്രാവീണ്യം നിർബന്ധമാക്കണമെന്ന ഔദ്യോഗിക ഭാഷാ പാർലമെന്ററി സമിതിയുടെ ശുപാർശയ്ക്കെതിരേ തമിഴ്‌നാട് നിയമസഭാ പ്രമേയം പാസാക്കിയിട്ടുണ്ട്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനോട് രൂക്ഷമായി പ്രതികരിച്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേന്ദ്രനീക്കം ഭരണഘടനാവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..