ന്യൂഡൽഹി: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തിയ കേസിൽ നാലുമലയാളികളെ ഡൽഹിയിൽനിന്ന് കേരളപോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശി ശ്രീരാഗ് കമലാസനൻ (33), കായംകുളം സ്വദേശി ജയിൻ വിശ്വംഭരൻ (29), തൃശ്ശൂർ സ്വദേശി സതീഷ്‌കുമാർ (42), തിരുവനന്തപുരം സ്വദേശി എ.എൻ. ആഷിഖ് (27) എന്നിവരാണ് പിടിയിലായത്. 47 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസാണ് തട്ടിപ്പുസംഘത്തെ വലയിലാക്കിയത്.
നാട്ടിൽനിന്നെത്തിയ അഞ്ചംഗ പോലീസ് സംഘം തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരക സെക്ടർ 11-ലെ ഒരു അപ്പാർട്ട്‌മെന്റിൽനിന്നാണ് ഇവരെ പിടികൂടിയത്. രണ്ടുമാസംനീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതികളിലേക്കെത്തിയതെന്ന് പോലീസ് പറഞ്ഞു. കാനഡ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ആകർഷകശമ്പളത്തോടെ ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. ഇതിനായി വ്യാജ വെബ്‌സൈറ്റ് തയ്യാറാക്കി, ജോലി തേടിയെത്തുന്നവരെ പറഞ്ഞുപറ്റിച്ചാണ് പണം തട്ടിയെടുത്തിരുന്നത്.
വ്യാജപേരിൽ ബാങ്ക് അക്കൗണ്ടുകളും സിംകാർഡുകളും പ്രതികളുടെ പക്കലുണ്ടായിരുന്നു. മുംബൈ, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. അടിക്കടി സ്ഥലംമാറുന്ന പതിവുമുണ്ടായിരുന്നു. കൂടുതലും അഭ്യസ്തവിദ്യരാണ് തട്ടിപ്പിനിരയായത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്നും പോലീസ് അറിയിച്ചു. ദ്വാരകകോടതിയിൽ ഹാജരാക്കി, അനുമതി ലഭിച്ചതോടെ പോലീസ് സംഘം പ്രതികളെയുമായി ഞായറാഴ്ച നാട്ടിലേക്ക് മടങ്ങും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..