ത്രിപുരയിൽ ബി.ജെ.പി. 55 സീറ്റിൽ; ഐ.പി.എഫ്.ടി.ക്ക്‌ അഞ്ചുസീറ്റ്


2 min read
Read later
Print
Share

കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് പട്ടികയിൽ, മൊബഷർ അലിക്കും സീറ്റ്

ന്യൂഡൽഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി. 55 സീറ്റിൽ മത്സരിക്കും. സഖ്യകക്ഷിയായ ഐ.പി.എഫ്.ടി.ക്ക്‌ അഞ്ചുസീറ്റ് അനുവദിച്ചു. മുഖ്യമന്ത്രി മണിക് സാഹ, കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്, പാർട്ടി സംസ്ഥാന അധ്യക്ഷൻ രജീബ് ഭട്ടാചാര്യ, കഴിഞ്ഞദിവസം ബി.ജെ.പി.യിൽ ചേർന്ന സി.പി.എം. സിറ്റിങ്‌ എം.എൽ.എ. മൊബഷർ അലി എന്നിവർ ബി.ജെ.പി.യുടെ സ്ഥാനാർഥിപ്പട്ടികയിലുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് ഡൽഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗമാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. മണിക് സാഹ ബൊർദോവലി മണ്ഡലത്തിൽ മത്സരിക്കും. കേന്ദ്ര സാമൂഹികനീതി സഹമന്ത്രി പ്രതിമ ഭൗമിക് ധൻപുർ മണ്ഡലത്തിലാണ് മത്സരത്തിനിറങ്ങുന്നത്. 2018-ൽ മുൻമുഖ്യമന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ മണിക് സർക്കാരിനെതിരേ ഇതേ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. തുടർന്ന് 2019-ൽ ലോക്‌സഭാംഗമായി. രണ്ടാം മോദിമന്ത്രിസഭയിൽ അംഗമായി.

വെള്ളിയാഴ്ച ബി.ജെ.പി.യിൽ ചേർന്ന സി.പി.എം. എം.എൽ.എ. മൊബഷർ അലി സിറ്റിങ് സീറ്റായ കൈലാസഹറിൽ ബി.ജെ.പി. ടിക്കറ്റിൽ ജനവിധിതേടും. എന്നാൽ, അദ്ദേഹത്തോടൊപ്പം ബി.ജെ.പി.യിൽ ചേർന്ന തൃണമൂൽ മുൻനേതാവ് സുബാൽ ഭൗമിക് ആദ്യപട്ടികയിലില്ല. 11 വനിതകൾക്ക് സീറ്റു നൽകിയിട്ടുണ്ട്. പുതുമുഖങ്ങൾക്കും പ്രാമുഖ്യം കൊടുക്കുന്ന സ്ഥാനാർഥിപ്പട്ടികയിൽ നിലവിലുള്ള ആറ് നിയമസഭാംഗങ്ങൾക്ക് ബി.ജെ.പി. ഇടംനൽകിയിട്ടില്ല.

ഗോത്രവർഗമേഖലകളിൽ സ്വാധീനമുള്ള സഖ്യകക്ഷി ഐ.പി.എഫ്.ടി.ക്ക് കഴിഞ്ഞ തവണത്തെക്കാൾ നാലുസീറ്റ് കുറവാണ് ഇക്കുറി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർ ഒൻപതു സീറ്റിൽ മത്സരിച്ചിരുന്നു. ഐ.പി.എഫ്.ടി.യെ മറ്റൊരു പ്രാദേശിക കക്ഷിയായ തിപ്രമോത്തയിൽ ലയിപ്പിച്ച് ഒപ്പം കൂട്ടാൻ ബി.ജെ.പി ശ്രമിച്ചിരുന്നു. എന്നാൽ പ്രത്യേകസംസ്ഥാനം വേണമെന്ന ആവശ്യത്തിൽ തിപ്രമോത്ത കടുംപിടിത്തം തുടർന്നതോടെ സഖ്യചർച്ച പാളി.

ബി.ജെ.പി. ആദ്യം 12 സീറ്റ് ഒഴിച്ചിട്ടുകൊണ്ട് സ്ഥാനാർഥിപ്പട്ടിക ഇറക്കിയത് ത്രിപുരയിലും ‘ഓപ്പറേഷൻ താമര’ നടത്താനുള്ള നീക്കത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കണമെന്ന് തിപ്ര മോത്തയുടെ നേതാവ് പ്രദ്യോത് ദേബ് ബർമ കുറ്റപ്പെടുത്തിയിരുന്നു. പിന്നാലെയാണ് മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ബി.ജെ.പി.യുമായുള്ള സഖ്യകക്ഷിചർച്ച പാളിയതിനെത്തുടർന്ന് ഒറ്റയ്ക്കു മത്സരിക്കാനാണ് തിപ്ര മോത്തയുടെ തീരുമാനം.

അതിനിടെ സ്ഥാനാർഥിപ്രഖ്യാപനത്തിൽ അതൃപ്തിയുമായി ത്രിപുരയുടെ പലഭാഗങ്ങളിലും ബി.ജെ.പി. പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തി. രണ്ടിടത്ത് പാർട്ടി ഓഫീസുകൾ അടിച്ചുതകർത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..