പി.എം. ഗതിശക്തി പദ്ധതി: 500 കോടിക്കു മുകളിലുള്ള നിർമാണങ്ങളുടെ പാരിസ്ഥിതികാനുമതി വേഗത്തിലാക്കണം


ന്യൂഡൽഹി: പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ ഭാഗമായി 500 കോടിരൂപയ്ക്കുമേൽ മുതൽമുടക്കുള്ള നിർമാണപ്രവർത്തനങ്ങളുടെ പാരിസ്ഥിതികാനുമതി വേഗത്തിലാക്കാൻ മന്ത്രിതലസമിതിയുടെ നിർദേശം. വികസനപദ്ധതികൾക്ക് വേഗംകൂട്ടുന്നതിനെപ്പറ്റി ചർച്ചചെയ്യാൻ ചേർന്ന യോഗത്തിലാണ് ഈ നിർദേശം ഉയർന്നത്. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. വാണിജ്യമന്ത്രി പീയുഷ് ഗോയൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവരും പങ്കെടുത്തു.

ഗതാഗത, ഊർജ, പരിസ്ഥിതി വിഷയങ്ങളുടെ നയപരമായ കാര്യങ്ങളാണ് യോഗം ചർച്ചചെയ്തത്. വനവുമായും പരിസ്ഥിതിയുമായും ബന്ധപ്പെട്ടുകിടക്കുന്ന പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകുന്നത് യോഗത്തിൽ ചർച്ചയായി. ഇതിനായി പാരിസ്ഥിതികാനുമതി വാങ്ങാനുള്ള അപേക്ഷകൾ സർക്കാരിന്റെ പർവേശ് വെബ് പോർട്ടൽവഴി സ്വീകരിക്കും.

സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഭൗമശാസ്ത്രവിവരങ്ങൾ പരിശോധിച്ച് വേഗത്തിൽ പാരിസ്ഥിതികാനുമതി നൽകുകയാണ് പോർട്ടൽ മുഖേന ചെയ്യുന്നത്. ഗതിശക്തി പദ്ധതിയെയും ഇതുമായി ബന്ധിപ്പിക്കും. അതോടെ ഗതിശക്തിക്കു കീഴിലെ പദ്ധതികൾക്കും വേഗത്തിൽ പാരിസ്ഥിതികാനുമതി നേടാനാണ് നീക്കം. കഴിഞ്ഞവർഷം കൊണ്ടുവന്ന വനസംരക്ഷണ നിയമഭേദഗതിയിലും നിർമാണപദ്ധതികളോട് അനുകൂലസമീപനമാണുള്ളത്.

ഗതിശക്തി പദ്ധതിക്കു കീഴിലെ പന്ത്രണ്ടോളം നിർമാണപ്രവർത്തനങ്ങളാണ് മുൻഗണനാപ്രാധാന്യത്തോടെ പരിസ്ഥിതിമന്ത്രാലയം പരിഗണിച്ചുവരുന്നത്. അതേസമയം, മതിയായ പരിശോധനകളില്ലാതെ വേഗത്തിൽ പദ്ധതികൾക്ക് അനുമതി നൽകുന്നത് പാരിസ്ഥിതികാഘാതങ്ങളിലേക്ക് നയിച്ചേക്കുമെന്ന ആശങ്കയുണ്ട്.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..