പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യൻ സംസ്കാരത്തിന്റെ അടിത്തറ ജനാധിപത്യമാണെന്നും ഓരോ ഇന്ത്യക്കാരന്റെയും സിരകളിൽ ജനാധിപത്യബോധമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ന്റെ 97-ാം പതിപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷത്തെ ആദ്യ മൻ കി ബാത്താണ് ഞായറാഴ്ച നടന്നത്.
തനിക്കയച്ചുകിട്ടിയ ‘ഇന്ത്യ-ജനാധിപത്യത്തിന്റെ മാതാവ്’ എന്ന പുസ്തകത്തിലെ വാക്യങ്ങൾ ഉദ്ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. തമിഴ്‌നാട്ടിലെ ഉതിർമേരൂരിലുള്ള പുരാതന ശിഖാലിഖിതം, 12-ാം നൂറ്റാണ്ടിലെ ബസവേശ്വരന്റെ അനുപമ മണ്ഡപം തുടങ്ങിയവ ഇന്ത്യയിൽ നൂറ്റാണ്ടുകൾക്കുമുമ്പ് ജനാധിപത്യം നിലനിന്നിരുന്നുവെന്നതിന് തെളിവാണെന്ന് മോദി പറഞ്ഞു.
തമിഴ്നാട്ടിലെ ശിഖാലിഖിതം മിനി ഭരണഘടനയ്ക്ക് ഉദാഹരണമാണ്. വാറങ്കലിലെ കാകതീയ രാജവംശത്തിലെ രാജാക്കന്മാരുടെ റിപ്പബ്ലിക്കൻ പാരമ്പര്യങ്ങളും പ്രശസ്തമാണ്. ഭക്തിപ്രസ്ഥാനമാണ് പടിഞ്ഞാറൻ ഇന്ത്യയിലെ ജനാധിപത്യസംസ്കാരത്തെ മുന്നോട്ടുനയിച്ചത്. മധ്യഭാരതത്തിലെ ഒറാവ്, മുണ്ട തുടങ്ങിയ ഗോത്രങ്ങളിലും ഈ ജനാധിപത്യമൂല്യങ്ങൾ കാണാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളുടെ പദ്‌മപുരസ്കാരമെന്ന് പ്രധാനമന്ത്രി
ഈ വർഷത്തെ പദ്‌മപുരസ്കാരങ്ങളെ ജനങ്ങളുടെ പുരസ്കാരമെന്നാണ് രാജ്യം വാഴ്ത്തിയതെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. അവാർഡ് ജേതാക്കളിൽ വലിയവിഭാഗം, ആദിവാസി-ഗോത്രവർഗത്തിൽപ്പെട്ടവരാണ്. ടോട്ടോ, ഹോ, കുയി, കുവി, മാണ്ടാ തുടങ്ങിയ ഗോത്രഭാഷകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവർക്കും പുരസ്കാരമുണ്ട്. ആദിവാസിസമൂഹം ഭൂമിയുടെയും പൈതൃകത്തിന്റെയും അവിഭാജ്യഘടകമാണെന്നും മോദി പറഞ്ഞു.
ഇ-മാലിന്യ നിർമാർജനം കാര്യക്ഷമമാക്കണം
ഇ-മാലിന്യം ഇന്ത്യയിലും വിപത്തായി മാറുന്നു. ആഗോളതലത്തിൽ പ്രതിവർഷം 50 ദശലക്ഷം ടൺ ഇ-മാലിന്യം തള്ളപ്പെടുന്നതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഇ-മാലിന്യം ശരിയായി സംസ്കരിച്ചില്ലെങ്കിൽ പരിസ്ഥിതിക്ക് ദോഷംചെയ്യും. സുരക്ഷിതമായ, ഉപയോഗപ്രദമായ ഇ-മാലിന്യ നിർമാർജനരീതികളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണം. തണ്ണീർത്തട ദിനത്തോടനുബന്ധിച്ച് ചതുപ്പുനിലങ്ങളും ജലാശയങ്ങളും സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി ഓർമപ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..