ന്യൂഡൽഹി: സ്ഥാനാർഥികൾ ഒരേസമയം ഒന്നിലേറെ സ്ഥലങ്ങളിൽ മത്സരിക്കുന്നത് വിലക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. രണ്ടിടത്ത് മത്സരിക്കാൻ അനുവദിക്കണോ എന്നത് പാർലമെന്റാണ് തീരുമാനിക്കുന്നതെന്നും ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനി കുമാർ ഉപാധ്യായയുടെ ഹർജി തള്ളി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഒന്നിലേറെ സ്ഥലങ്ങളിൽ മത്സരിക്കുന്നതുവഴി ദേശീയതലത്തിൽ നേതാക്കളാവാൻ രാഷ്ട്രീയക്കാർക്ക് കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
രണ്ടിടത്ത് മത്സരിക്കുന്നതിനെതിരേ നിയമകമ്മിഷന്റെ ശുപാർശയുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. എന്നാൽ, നിയമകമ്മിഷന്റെ ശുപാർശപ്രകാരം നിയമം റദ്ദാക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. രണ്ടിടത്ത് മത്സരിക്കുന്നത് തടയണമെന്ന ഹർജിയെ കേന്ദ്രസർക്കാർ എതിർത്തിരുന്നു. സ്ഥാനാർഥികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാകും അതെന്ന് കേന്ദ്രം പറഞ്ഞു. അതേസമയം, രണ്ടിടത്ത് മത്സരിക്കുന്നത് തടയണമെന്ന ഹർജിയോട് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ യോജിച്ചിരുന്നു. രണ്ടുമണ്ഡലങ്ങളിൽ മത്സരിക്കാൻ അനുമതി നൽകുന്ന ജനപ്രാതിനിധ്യനിയമത്തിലെ 33 (7) ഭേദഗതിചെയ്യാനാണ് കമ്മിഷൻ സർക്കാരിന് നിർദേശമയച്ചത്. ഒരാൾ രണ്ടിടത്ത് മത്സരിക്കുന്നതുവഴി ഉപതിരഞ്ഞെടുപ്പ് വരുമ്പോൾ പൊതുഖജനാവിനും സർക്കാർ ഉദ്യോഗസ്ഥർക്കുമെല്ലാം വലിയ ബാധ്യതയുമുണ്ടാക്കുന്നതായി ഹർജിയിൽ ചൂണ്ടിക്കാട്ടി. രണ്ടിടത്തും വിജയിക്കുന്ന സ്ഥാനാർഥികളിൽനിന്ന് ഉപതിരഞ്ഞെടുപ്പിന്റെ ചെലവ് ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. രണ്ടിടത്തും ഒരേ സ്ഥാനാർഥി ജയിച്ചാൽ ഒരു സ്ഥലത്ത് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമെന്നും ഇത് വലിയ ചെലവും പ്രയാസങ്ങളുമുണ്ടാക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് 2004-ലും 2016-ലും സർക്കാരിന് നിർദേശം അയച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..