1. പ്രതീകാത്മകചിത്രം 2. ഗൗതം അദാനി | AP, AFP
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ വിവാദ ഇടപാടുകളെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭയിലും പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിച്ചു.
നിമിഷങ്ങള്‍മാത്രമാണ് വ്യാഴാഴ്ച സഭകൾ സമ്മേളിച്ചത്. അദാനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നഷ്ടത്തിലുള്ള സ്വകാര്യസ്ഥാപനങ്ങളില്‍ പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങള്‍ നിക്ഷേപിക്കാനിടയായ സാഹചര്യത്തെക്കുറിച്ചും അന്വേഷണം വേണമെന്നാണ് പ്രതിപക്ഷാവശ്യം. അന്വേഷണത്തിനായി സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി.)യോ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള സമിതിയോ രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാണ് ഇരുസഭയിലും പ്രതിഷേധം നടന്നത്. കോണ്‍ഗ്രസിനോട് അകലംപാലിക്കുന്ന തൃണമൂൽ കോൺഗ്രസ്, ബി.ആര്‍.എസ്., ജെ.ഡി.യു., ആം ആദ്മി പാര്‍ട്ടി എന്നിവയും ഇക്കുറി പ്രതിഷേധത്തില്‍ അണിനിരന്നത് പുതിയ രാഷ്ട്രീയസൂചനയായി. എന്നാല്‍, ബി.ജെ.ഡി., വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ പങ്കെടുത്തില്ല.
രാവിലെ പ്രതിപക്ഷപാര്‍ട്ടികള്‍ യോഗം ചേർന്ന്, പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാടിന് രൂപംനല്‍കി. ഇരുസഭയും ആരംഭിച്ചയുടന്‍, അദാനിയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് ചര്‍ച്ചയും അന്വേഷണവും ആവശ്യപ്പെട്ട് ബഹളമാരംഭിച്ചു. വിഷയം ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളായ കൊടിക്കുന്നില്‍ സുരേഷ്, മാണിക്കം ടാഗോര്‍, ആര്‍.എസ്.പി. അംഗം എന്‍.കെ. പ്രേമചന്ദ്രന്‍, സി.പി.എം. അംഗം എ.എം.ആരിഫ് എന്നിവര്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടീസുകള്‍ സ്പീക്കര്‍ തള്ളി. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളികളുമായി ബഹളം തുടങ്ങി.
‘അദാനിയിൽനിന്ന് രാജ്യത്തെ രക്ഷിക്കുക, മോദി-മോദി ഡൗണ്‍ ഡൗണ്‍’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിയത്. ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്നും ചട്ടവിരുദ്ധമായ ആവശ്യങ്ങളുന്നയിക്കരുതെന്നും സ്പീക്കര്‍ ഓം ബിര്‍ള കര്‍ശനമായി നിര്‍ദേശിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
രാജ്യസഭയിലും രൂക്ഷമായ പ്രതിഷേധമാണ് അദാനിവിഷയത്തില്‍ ഉയര്‍ന്നത്. പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ ഒമ്പതംഗങ്ങള്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. എളമരം കരീം, ബിനോയ് വിശ്വം, പി. സന്തോഷ് കുമാര്‍, എ.എ. റഹിം, സഞ്ജയ് സിങ്, ഡോ. കേശവറാവു, തിരുച്ചി ശിവ, പ്രിയങ്ക ചതുര്‍വേദി എന്നിവരാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍, രാജ്യസഭാധ്യക്ഷന്‍ ജഗ്‍ദീപ് ധന്‍കര്‍ നോട്ടീസുകള്‍ തള്ളിക്കളഞ്ഞു. ഇതോടെ പ്രതിപക്ഷബഹളം രൂക്ഷമായി. തുടര്‍ന്ന് സഭ രണ്ടുവട്ടം നിര്‍ത്തിെവച്ചു.
സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഖാര്‍ഗെ
: പാവപ്പെട്ടവരുടെ പണമാണ് പൊതുമേഖലാബാങ്കുകള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യസ്ഥാപനങ്ങളില്‍ നിക്ഷേപിച്ചതെന്നും ഇതെങ്ങനെ സംഭവിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും രാജ്യസഭയിലെ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തിയശേഷം പുറത്ത് മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ കോടിക്കണക്കിന് രൂപയാണ് എസ്.ബി.ഐ.യിലും എല്‍.ഐ.സി.യിലും നിക്ഷേപിച്ചിട്ടുള്ളത്. പൊതുമേഖലാസ്ഥാപനങ്ങള്‍ ഇത്തരം സ്വകാര്യകമ്പനികളില്‍ നിക്ഷേപിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്ന് ഖാര്‍ഗെ പറഞ്ഞു.
മോദി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
: പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പത്തിന് പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഒാഫീസിലായിരുന്നു യോഗം. മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, അനുരാഗ് ഠാക്കൂര്‍, നിര്‍മലാ സീതാരാമന്‍, പ്രഹ്‌ളാദ് ജോഷി, പിയൂഷ് ഗോയല്‍, നിതിന്‍ ഗഡ്കരി, കിരണ്‍ റിജിജു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..