ഉയർന്ന പെൻഷൻ തിരിച്ചുപിടിക്കൽ: നടപടി നിയമാനുസൃതമെന്ന് കേന്ദ്രം


പ്രതീകാത്മകചിത്രം | UNI

ന്യൂഡൽഹി: ഓപ്ഷൻ നൽകാതെ വിരമിച്ചവർക്ക് ലഭിക്കുന്ന ഉയർന്ന പെൻഷൻ തിരിച്ചുപിടിക്കാനുള്ള ഇ.പി.എഫ്.ഒ.യുടെ നീക്കത്തെ ന്യായീകരിച്ച് കേന്ദ്രം. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമപരമായ നടപടിയാണിതെന്ന് കേന്ദ്ര തൊഴിൽമന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.

പെൻഷൻ തിരിച്ചുപിടിക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി. മന്ത്രിയെ സന്ദർശിക്കുകയായിരുന്നു. ജനുവരി 25-നാണ് ഇ.പി.എഫ്.ഒ. പ്രസ്തുത ഉത്തരവിറക്കിയത്. ഓപ്ഷൻ നൽകാതെ 2014-ന് മുൻപ് വിരമിക്കുകയും ആർ.സി. ഗുപ്ത കേസ് വിധിയുടെ അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ ലഭിക്കുകയും ചെയ്യുന്നവർക്ക് ജനുവരിമുതൽ അത് ലഭിക്കില്ല. മാത്രവുമല്ല, അവർക്ക് ഇതുവരെ ലഭിച്ച ഉയർന്ന പെൻഷൻ ഘട്ടം ഘട്ടമായി തിരിച്ചുപിടിക്കാനും ഇ.പി.എഫ്.ഒ. ഉത്തരവിറക്കിയിരുന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരും ഇ.പി.എഫ്.ഒ.യും എടുത്ത നിലപാട് പുനഃപരിശോധിക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ട് മന്ത്രി വ്യക്തമാക്കി. വിശദമായ പരിശോധനയ്ക്കു ശേഷം ഇക്കാര്യത്തിൽ അന്തിമനിലപാട് സ്വീകരിക്കുമെന്നും മന്ത്രി ചർച്ചയിൽ പറഞ്ഞു. എന്നാൽ സുപ്രീംകോടതി ഉത്തരവിൽ അവ്യക്തത ഉണ്ടെന്നും അത് പരിശോധിക്കാൻ തൊഴിലാളികൾ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ടെന്നും എം.പി. ചൂണ്ടിക്കാട്ടി. ഓപ്ഷൻ നൽകുന്നതിന് സമയപരിധി (കട്ട് ഓഫ് തീയതി) നിശ്ചയിക്കാൻ പാടില്ലെന്ന ആർ.സി. ഗുപ്ത കേസിലെ വിധി 2022-ലെ സുപ്രീംകോടതി വിശാലബഞ്ച് അംഗീകരിച്ചിട്ടുണ്ട്. പുനഃപരിശോധനാ ഹർജിയിൽ സുപ്രീംകോടതി വ്യക്തത വരുത്തുന്നതുവരെയെങ്കെലും പെൻഷൻ തുക തിരിച്ചുപിടിക്കാനുള്ള നടപടി നിർത്തിവെക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..