ന്യൂഡൽഹി: ജഡ്ജി നിയമനത്തിനുള്ള കൊളീജിയത്തെ സഹായിക്കാനുള്ള സെർച്ച് കം ഇവാലുവേഷൻ കമ്മിറ്റിയിൽ സർക്കാർ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന നിർദേശം മുന്നോട്ടുവെച്ചതായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. രാജ്യസഭയിൽ എഴുതിനൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കൊളീജിയത്തിൽ സർക്കാരിന് പ്രാതിനിധ്യംവേണമെന്ന് ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകളെ മന്ത്രി തള്ളിയിരുന്നു. കൊളീജിയത്തിലല്ല, സെർച്ച് കമ്മിറ്റിയിലാണ് പ്രാതിനിധ്യം ഉദ്ദേശിച്ചതെന്നും അദ്ദേഹം മുൻപ് സൂചിപ്പിച്ചിരുന്നു. ഇതാണ് രേഖാമൂലം വ്യക്തമാക്കിയത്. ജനുവരി ആറിനാണ് ഇതുസംബന്ധിച്ച കത്ത് സുപ്രീംകോടതിക്ക് നൽകിയതെന്ന് മന്ത്രി അറിയിച്ചു. ജഡ്ജി നിയമനത്തിനുള്ള നടപടിക്രമങ്ങൾ (എം.ഒ.പി.) പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണിത്. ജഡ്ജി നിയമനത്തിനായി കൊളീജിയം ശുപാർശ ചെയ്ത പേരുകളിൽ 18 എണ്ണം മടക്കിയയച്ചെന്നും 64 എണ്ണം പരിശോധിച്ചുവരികയാണെന്നും ജോൺ ബ്രിട്ടാസ്, രാഘവ് ഛഡ്ഡ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി രാജ്യസഭയെ അറിയിച്ചു. സർക്കാർ മടക്കിയയച്ച പേരുകളിൽ ആറെണ്ണം കൊളീജിയം വീണ്ടും ആവർത്തിച്ച് ശുപാർശ ചെയ്തിട്ടുണ്ട്. ഏഴ് ശുപാർശകളിൽ ഹൈക്കോടതി കൊളീജിയത്തിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടി. അഞ്ചെണ്ണം ഹൈക്കോടതികൾക്ക് മടക്കിയയച്ചെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..