പ്രതീകാത്മക ചിത്രം | Photo: www.weforum.org
അഹമ്മദാബാദ്: കരയിൽ മാത്രമല്ല, കടലിലുമാകാം കാറ്റാടിപ്പാടം. തീരത്തോടടുത്ത് ആഴം കുറഞ്ഞ കടലിൽ കാറ്റാടികൾ സ്ഥാപിച്ച് വൈദ്യുതിയുണ്ടാക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ പദ്ധതിക്ക് കേന്ദ്രം അനുമതിനൽകി. 44,000 കോടി രൂപയോളം ചെലവുവരുന്നതാണ് പദ്ധതി.
ഗുജറാത്ത് തീരത്ത് സൗരാഷ്ട്ര, തെക്കൻഗുജറാത്ത്, ഖംഭട്ട് ഉൾക്കടൽ ഭാഗങ്ങളിൽ അഞ്ചിടങ്ങളിലായി 8159 ചതുരശ്ര കിലോമീറ്ററാണ് ഇതിനായി കണ്ടെത്തിയത്. 20,000 മെഗാവാട്ട് വൈദ്യുതി ആദ്യഘട്ടത്തിൽ ഉത്‌പാദിപ്പിക്കാനാകും. ഇപ്പോൾ 9860 മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് കാറ്റിൽനിന്ന് ഉണ്ടാക്കുന്നത്. കാറ്റാടിപ്പാടത്തിന് 20,000 കോടി രൂപയും കരയിൽ വൈദ്യുതിവാഹകസംവിധാനങ്ങൾക്ക് 24,000 കോടി രൂപയുമാണ് വകയിരുത്തുന്നത്.
കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. പാരമ്പര്യേതര ഊർജ മന്ത്രാലയമാണ് കാറ്റാടിപ്പാടത്തിന് ടെൻഡറുകൾ വിളിക്കുക. അനുബന്ധ സംവിധാനങ്ങൾക്ക് സംസ്ഥാന സർക്കാർ കരാർ ക്ഷണിക്കും.
പാരമ്പര്യേതര ഊർജസംവിധാനങ്ങൾക്കുള്ള സാമ്പത്തികസഹായം കേന്ദ്രസർക്കാർ സംരംഭകർക്ക് ലഭ്യമാക്കും. 32 ഗീഗാവാട്ട്‌വരെ വൈദ്യുതി കടലിലെ കാറ്റാടിപ്പാടങ്ങൾവഴി ഗുജറാത്തിൽ ഉണ്ടാക്കാനാകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട്. വൈദ്യുതി മുഴുവൻ സംസ്ഥാനസർക്കാർ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. മലിനീകരണമുണ്ടാക്കുന്ന താപവൈദ്യുതി ക്രമേണ ഒഴിവാക്കാനും ഹരിതോർജമെന്ന ലക്ഷ്യം നേടാനും കഴിയുമെന്നും കണക്കുകൂട്ടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..