വിവാദങ്ങൾക്കിടെ വിക്ടോറിയ ഹൈക്കോടതി ജഡ്ജി


1 min read
Read later
Print
Share

*സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനിടെ ചെന്നൈയിൽ സത്യപ്രതിജ്ഞ

Photo: ANI

ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ അപൂർവനാടകീയതയ്ക്കൊടുവിൽ മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി വിക്ടോറിയ ഗൗരി സ്ഥാനമേറ്റു. ബി.ജെ.പി. ബന്ധത്താൽ വിവാദത്തിലായ വിക്ടോറിയയുടെ നിയമനം ചോദ്യംചെയ്യുന്ന ഹർജി ചൊവ്വാഴ്ച രാവിലെ 10.52-നാണ് സുപ്രീംകോടതി തള്ളിയത്. എന്നാൽ, അതിന് നാലുമിനിറ്റുമുമ്പ് അവർ ഹൈക്കോടതിയിൽ സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു.

യോഗ്യയാണോ എന്നതും അനുയോജ്യയാണോ എന്നതും രണ്ടാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഗൗരിയുടെ നിയമനത്തിനെതിരായ ഹർജി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ച് തള്ളിയത്. അഡീഷണൽ ജഡ്ജിയായി മാത്രമാണ് ഗൗരിയെ ഇപ്പോൾ നിയമിച്ചതെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് കൂടി ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.

ബി.ജെ.പി. ബന്ധവും മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരായ പരാമർശങ്ങളുംകൊണ്ട് വിവാദത്തിലായ വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കുന്നതിനെതിരേ അഭിഭാഷകരായ അന്ന മാത്യൂസ്, സുധാ രാമലിംഗം, ഡി. നാഗസിൽവ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ വാദിച്ചു. ഇതിനിടെ, വിക്ടോറിയ ഗൗരി ഉൾപ്പെടെ 13 പേരെ വിവിധ ഹൈക്കോടതികളിൽ നിയമിച്ചുകൊണ്ട് കേന്ദ്രത്തിന്റെ ഉത്തരവ് തിങ്കളാഴ്ചയിറങ്ങി. തുടർന്ന്, വിഷയം ചൊവ്വാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.

ഹർജിക്കാരുടെ വാദം:

:ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങളും ആശയങ്ങളുമായി യോജിച്ചുപോകാത്തവർ ജഡ്ജിയാവാൻ യോഗ്യരല്ല. ഭരണഘടനയോട് കൂറും വിശ്വാസ്യതയും പുലർത്തിയാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്.

സുപ്രീംകോടതിയുടെ വിശദീകരണം:

:വിക്ടോറിയ ഗൗരിയുടെ യോഗ്യത ചോദ്യംചെയ്യപ്പെട്ടിട്ടില്ല. അവർ ജഡ്ജിയാവാൻ അനുയോജ്യയാണോ എന്നത് ഈ ഘട്ടത്തിൽ പരിശോധിക്കാനാവില്ല. ഗൗരിയുടെ രാഷ്ട്രീയബന്ധമോ വിവാദ പ്രസ്താവനകളോ അവരെ ശുപാർശചെയ്ത കൊളീജിയത്തിന് അറിയില്ല എന്നുകരുതാനാവില്ല.

ഹർജിക്കാർ സമർപ്പിച്ച രേഖകൾ കൊളീജിയം പരിശോധിച്ചിട്ടുണ്ടാകും. ബന്ധപ്പെട്ട ഹൈക്കോടതി ജഡ്ജിമാരോടും കൂടിയാലോചിച്ചാണ് കൊളീജിയം തീരുമാനമെടുക്കുന്നത്. അവർക്ക് മേൽപ്പറഞ്ഞ വിവാദങ്ങൾ അറിയില്ലായിരുന്നെന്ന് കരുതാനാവില്ല. ജഡ്ജി അവരുടെ കർത്തവ്യങ്ങൾ ശരിയായി നിർവഹിക്കുന്നില്ലെങ്കിൽ കൊളീജിയത്തിന് ഇടപെടാവുന്നതല്ലേ?

അവരെ സ്ഥിരം ജഡ്ജിയാക്കുംമുമ്പ് അനുയോജ്യയാണോ എന്ന് കൊളീജിയത്തിന് പരിശോധിക്കാം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..