ശശി തരൂർ ഭാര്യ സുനന്ദ പുഷ്കർ | ഫയൽ ചിത്രം | മാതൃഭൂമി
ന്യൂഡൽഹി: ഭാര്യ സുനന്ദാ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തന്നെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരേ അപ്പീൽ നൽകാൻ ഡൽഹി പോലീസിനുണ്ടായ കാലതാമസം അംഗീകരിക്കാനാകില്ലെന്ന് കോൺഗ്രസ് എം.പി. ശശി തരൂർ ഡൽഹി ഹൈക്കോടതിയിൽ.
2021 ഓഗസ്റ്റ് 18-ന് എല്ലാ കുറ്റങ്ങളിൽനിന്നും തരൂരിനെ ഒഴിവാക്കി വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, 15 മാസങ്ങൾക്കുശേഷമാണ് ഡൽഹി പോലീസ് ഇതിനെതിരേ അപ്പീൽ സമർപ്പിച്ചതെന്ന് തരൂരിനായി മുതിർന്ന അഭിഭാഷകൻ വികാസ് പഹ്വ ഹൈക്കോടതിയിൽ വാദിച്ചു. കോവിഡും അഭിഭാഷകനെ മാറ്റിയതിനാലുമാണ് കാലതാമസമുണ്ടായതെന്നാണ് പോലീസിന്റെ വിശദീകരണം.
ഹർജി പരിഗണിക്കുന്നത് മേയ് 17-ലേക്ക് മാറ്റുന്നതായി ജസ്റ്റിസ് ദിനേഷ് കുമാർ ശർമ പറഞ്ഞു. സുനന്ദയെ 2014 ജനുവരി 17-ന് രാത്രിയാണ് ആഡംബര ഹോട്ടലിന്റെ സ്യൂട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രേരണ, ക്രൂരത എന്നീ വകുപ്പുകൾ ചുമത്തി തരൂരിന്റെപേരിൽ കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. പോസ്റ്റ്മോർട്ടത്തിലും മറ്റ് മെഡിക്കൽ റിപ്പോർട്ടുകളിലും ആത്മഹത്യയോ കൊലപാതകമോ അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് തരൂരിനെ ഡൽഹി വിചാരണക്കോടതി കുറ്റവിമുക്തനാക്കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..