സിറിയയുടെ തുർക്കി അതിർത്തി പ്രദേശമായ ഹരേമിൽ തകർന്ന കെട്ടിടം | ഫോട്ടോ: എ.പി.
ന്യൂഡൽഹി: തുർക്കിക്കും സിറിയയ്ക്കും ഇന്ത്യയുടെ സഹായം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം പ്രിൻസിപ്പൽ സെക്രട്ടറി പി.കെ. മിശ്ര വിളിച്ച അടിയന്തര യോഗത്തിലായിരുന്നു തീരുമാനം. രണ്ട് വിമാനങ്ങളിലായി ദേശീയദുരന്ത പ്രതികരണസേനയുടെ (എൻ.ഡി.ആർ.എഫ്.) 101 അംഗങ്ങൾ തുർക്കിയിലെത്തി. മണ്ണിനടിയിൽപ്പെട്ടു കിടക്കുന്നവരെയും മറ്റും കണ്ടെത്താൻ ഡോഗ് സ്ക്വാഡ്, ഡ്രില്ലിങ് യന്ത്രങ്ങൾ, രക്ഷപ്പെട്ടവർക്കുള്ള ദുരിതാശ്വാസ സാമഗ്രികൾ, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയും വിമാനത്തിലുണ്ടായിരുന്നു.
കമാൻഡർ ഗുർമീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, 30 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കാൻ വെന്റിലേറ്ററുകൾ, എക്സ്-റേ യന്ത്രങ്ങൾ, കാർഡിയാക് മോണിറ്ററുകൾ, ഓക്സിജൻ ഉത്പാദക യൂണിറ്റുകൾ എന്നിവയടക്കമുണ്ട്.
സിറിയയിലേക്കും സഹായമെത്തിക്കാൻ ഇന്ത്യ നടപടി തുടങ്ങി. സിറിയൻ അംബാസഡർ ഡോ. ബസാം അൽ ഖത്തീബുമായി വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ചർച്ച നടത്തി. സിറിയൻ ജനതയ്ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കുമെന്നും ജീവൻരക്ഷാ ഔഷധങ്ങളും മെഡിക്കൽ ഉപകരണങ്ങളുമായി സിറിയയിലേക്ക് വിമാനം അയക്കുമെന്നും മന്ത്രി ബസാമിനെ അറിയിച്ചു. പ്രധാന മന്ത്രിയുടെ അനുശോചന സന്ദേശവും മന്ത്രി കൈമാറി. ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരാദ് സുനൽ സഹായത്തിന് നന്ദി അറിയിച്ചു. ‘ദോസ്ത് (ചങ്ങാതി) എന്നത് തുർക്കിയിലെയും ഹിന്ദിയിലെയും പൊതു വാക്കാണ്. നമുക്ക് ഒരു തുർക്കി പഴഞ്ചൊല്ലുമുണ്ട് - ആവശ്യത്തിനുപകരിക്കുന്ന ചങ്ങാതി യഥാർഥ ചങ്ങാതിയാണ് - വളരെയധികം നന്ദി, ഇന്ത്യ’ -ഫിരാദ് ട്വീറ്റ് ചെയ്തു. ദുരന്തത്തിൽ പാർലമെന്റ് അനുശോചിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..