ബിരുദ അംഗീകാരം: ഓസ്ട്രേലിയയിൽ ഇന്ത്യക്കാർക്ക് നേട്ടമാകും


ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി രാഷ്ട്രപതിഭവനിൽ സ്വീകരിക്കുന്നു | Photo: PTI

അഹമ്മദാബാദ്: ഇരുരാജ്യങ്ങൾക്കുമിടയിലെ പഠനയോഗ്യതാ അംഗീകാരപദ്ധതി ഓസ്ട്രേലിയയിലെ ഇന്ത്യക്കാർക്ക് വലിയനേട്ടമാകുമെന്ന് ഓസീസ് പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു.

ഇന്ത്യൻ ബിരുദത്തിന് ഓസ്ട്രേലിയയിലും ഓസീസ് ബിരുദത്തിന് ഇന്ത്യയിലും അംഗീകാരം നൽകാനുള്ള പദ്ധതിക്കാണ് ധാരണയായത്. ഇന്ത്യയിലെ ആദ്യ വിദേശസർവകലാശാലയുടെ കാമ്പസ് ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ഗിഫ്റ്റ് സിറ്റിയിൽ ഡീക്കിൻ യൂണിവേഴ്സിറ്റി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാലുവർഷംവരെ ഓസ്ട്രേലിയയിൽ പഠിക്കുന്ന ഇന്ത്യക്കാർക്ക് മൈത്രി എന്നപേരിൽ പുതിയ സ്കോളർഷിപ്പും പ്രഖ്യാപിച്ചു.

ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർ അഞ്ചുലക്ഷം കവിഞ്ഞിട്ടുണ്ട്. യോഗ്യതാ അംഗീകാരപദ്ധതി അവർക്ക് വലിയ സഹായകമാകും. ഓസ്ട്രേലിയയിൽ പഠനം നടത്തുന്ന ഇന്ത്യൻവിദ്യാർഥികൾക്ക് ഇന്ത്യയിൽ തങ്ങളുടെ യോഗ്യതയ്ക്ക് അംഗീകാരമുറപ്പാക്കാനും ഇനി ബുദ്ധിമുട്ടുണ്ടാവില്ല. ഓസ്ട്രേലിയൻ സർവകലാശാലകൾ ഇന്ത്യയിൽ തുടങ്ങുന്ന കാമ്പസുകൾ, സാമ്പത്തികബുദ്ധിമുട്ടും മറ്റുംമൂലം വിദേശത്ത്‌ പഠിക്കാൻ കഴിയാത്തവർക്ക് വലിയസഹായകമാകുമെന്നും അൽബനീസ് പറഞ്ഞു.

ശാസ്ത്രത്തിൽ ഇരട്ടബിരുദം

മെൽബൺ സർവകലാശാല മൂന്ന് ഇന്ത്യൻ സർവകലാശാലകളുമായി സഹകരിച്ച് ശാസ്ത്രവിഷയങ്ങളിൽ ഇരട്ടബിരുദം നൽകും. മദ്രാസ് സർവകലാശാല, സാവിത്രിബായ് ഫുലെ പുണെ സർവകലാശാല, ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് ഹൈദരാബാദ് എന്നീ സർവകലാശാലകളുമായിട്ടാകും സഹകരണം.

ഇരട്ടബിരുദകോഴ്‌സിൽ ചേരുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് സ്വദേശത്തും വിദേശത്തുമായി ബിരുദം പൂർത്തിയാക്കാൻ കഴിയും. ആദ്യ രണ്ടുവർഷം ഇന്ത്യയിൽ പഠിക്കാം. തുടർന്ന്, രണ്ടുവർഷം മെൽബണിലെ കാമ്പസിലും ചെലവഴിക്കാം. വിജയകരമായി പഠനം പൂർത്തിയാക്കിയാൽ മെൽബൺ സർവകലാശാലയിൽനിന്ന് ബാച്ചിലർ ഓഫ് സയൻസ് ബിരുദം നൽകും. വിദ്യാർഥികൾക്ക് അവരുടെ പ്രാദേശികസ്ഥാപനത്തിൽനിന്ന് ബിരുദം സ്വീകരിക്കാനും അവസരമുണ്ടാകും. യു.ജി.സി. നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും കോഴ്സ് നടത്തിപ്പ്.

Content Highlights: india, education, mathrubhumi, latest news

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..