മമത ബാനർജി | Photo: ANI
കൊൽക്കത്ത: പശ്ചിമബംഗാളിൽ യു.ജി.സി. നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി 22 സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനം കൽക്കട്ട ഹൈക്കോടതി ഒറ്റയടിക്ക് റദ്ദാക്കിയത് മമത സർക്കാരിന് കനത്ത തിരിച്ചടിയായി. കോടതി ഉത്തരവിനെ മാനിക്കുന്നുവെന്ന് സർക്കാർ പ്രതികരിച്ചു. ഗവർണറുടെ അനുമതിയോടെ ചട്ടങ്ങൾ പാലിച്ചുമാത്രമായിരിക്കും ഇനി നിയമനങ്ങൾ നടത്തുകയെന്ന് വിദ്യാഭ്യാസമന്ത്രി ബ്രത്യബസു അറിയിച്ചു.
സർക്കാർ നടത്തുന്ന സർവകലാശാലകളിൽ വി.സി.മാരെ നിയമിക്കാനോ പുനർനിയമനം നടത്താനോ സംസ്ഥാനത്തിന് അവകാശമില്ലെന്നാണ് ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജർഷി ഭരദ്വാജ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധിച്ചത്. സർക്കാർ ഇതിനകം നിയമിച്ചതോ പുനർനിയമനം നടത്തിയതോ ആയ വി.സി.മാരെ പിരിച്ചുവിടാനും ഉത്തരവിട്ടു.
മുൻഗവർണറും ഇപ്പോൾ ഉപരാഷ്ട്രപതിയുമായ ജഗ്‍ദീപ് ധൻകറിന്റെ കാലത്തുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്നാണ് വി.സി.മാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാനസർക്കാർ ഏറ്റെടുത്തത്. സംസ്ഥാന സർവകലാശാലാനിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചായിരുന്നു ഇത്. എന്നാൽ, ഈ നിയമത്തിലെ വ്യവസ്ഥകൾക്കും മുകളിലാണ് 2018-ലെ യു.ജി.സി. നിയന്ത്രണനിയമമെന്ന് െഹെക്കോടതി ചൂണ്ടിക്കാട്ടി. നിയമനംനടത്താൻ അധികാരമില്ലാത്ത വ്യക്തി, ചട്ടങ്ങൾ ലംഘിച്ച് നിയമിച്ച വി.സി.മാർ പദവിയിൽ തുടരുന്നത് ആ സ്ഥാപനങ്ങളുടെയും വിദ്യാർഥികളുടെയും താത്പര്യത്തിന് വിരുദ്ധമാകുമെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
വി.സി. നിയമനം പ്രതിസന്ധിയിലായതോടെ കഴിഞ്ഞ ജനുവരിയിൽ വിദ്യാഭ്യാസമന്ത്രി ബ്രത്യബസു രാജ്ഭവനിലെത്തി പുതിയ ഗവർണർ ഡോ. സി.വി. ആനന്ദബോസുമായി ചർച്ചനടത്തിയിരുന്നു. ആറ് വി.സി.മാരുടെ കാലാവധി മൂന്നുമാസത്തേക്ക് നീട്ടുന്നതിനുള്ള ഉത്തരവും വാങ്ങി. എന്നാൽ, യു.ജി.സി. ചട്ടങ്ങൾ പാലിക്കാതെയുള്ള എല്ലാനിയമനവും പുനർനിയമനവും റദ്ദാക്കാനാണ് ഹൈക്കോടതിയുടെ നിർദേശം. ഇതനുസരിച്ച് മുഴുവൻ വി.സി.മാരും സ്ഥാനമൊഴിയേണ്ടിവരും.
നേരത്തേ മറ്റൊരു കേസിൽ കൽക്കട്ട സർവകലാശാലാ വി.സി.യുടെ പുനർനിയമനം ഹൈക്കോടതി റദ്ദാക്കുകയും സുപ്രീംകോടതി അത് ശരിവെക്കുകയും ചെയ്തിരുന്നു.
മറ്റുസംസ്ഥാനങ്ങളിലും പ്രസക്തം
വൈസ് ചാൻസലർ നിയമനം നടത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന കൽക്കട്ട ഹൈക്കോടതിവിധി മറ്റുസംസ്ഥാനങ്ങൾക്കും പ്രസക്തമെന്ന് നിയമവിദഗ്ധർ. കേരളമുൾപ്പെടെ വേറെയും സംസ്ഥാനങ്ങളിൽ വി.സി. നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുമായി പോര് നടന്നിരുന്നു. അവിടെയൊക്കെ ഭാവിയിലുണ്ടാകാവുന്ന വ്യവഹാരങ്ങളിൽ കൽക്കട്ട ഹൈക്കോടതി വിധിയും കണക്കിലെടുക്കേണ്ടി വരും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..