ബ്രഹ്മപുരം: പൂർണ ഉത്തരവാദിത്വം സർക്കാരിനെന്ന് ഹരിതട്രിബ്യൂണൽ,500കോടി പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്


ബ്രഹ്മപുരം പ്ലാന്റിലെ തീപ്പിടിത്തത്തിന്റെ ആകാശദൃശ്യം. ഫോട്ടോ: മാതൃഭൂമി.

: ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സംസ്ഥാനസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ. ബ്രഹ്മപുരത്തെ നിലവിലെ പ്രശ്നങ്ങൾക്കുകാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയും മോശം ഭരണവുമാണെന്ന് ട്രിബ്യൂണൽ കുറ്റപ്പെടുത്തി.

വേണ്ടിവന്നാൽ 500 കോടി രൂപ പിഴ ചുമത്തുമെന്നും ചെയർപേഴ്‌സൺ എ.കെ. ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് മുന്നറിയിപ്പ് നൽകി. ബ്രഹ്മപുരത്തെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിന്റെ ആദ്യദിന വാദത്തിലാണ് സംസ്ഥാനസർക്കാർ വിമർശനമേറ്റുവാങ്ങിയത്. മാലിന്യക്കൂമ്പാരത്തിലെ തീകെടുത്താനുണ്ടായ കാലതാമസം സംസ്ഥാനസർക്കാരിന്റെ പരാജയമാണെന്നും ട്രിബ്യൂണൽ വിമർശിച്ചു.

തീപ്പിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാനസർക്കാരാണെന്ന് ജസ്റ്റിസ് എ.കെ. ഗോയൽ പറഞ്ഞു. അതിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും വ്യക്തമാക്കി.

തീ പൂർണമായും അണച്ചതായും ആവശ്യമായ എല്ലാനടപടികളും എടുത്തിട്ടുണ്ടെന്നും സംസ്ഥാനസർക്കാർ ട്രിബ്യൂണലിനെ അറിയിച്ചു. അപ്പോൾ ഇത്ര ദിവസം ജനങ്ങൾക്കുണ്ടായ ദുരിതത്തിന് ആര് മറുപടി പറയുമെന്നായിരുന്നു ജസ്റ്റിസ് ഗോയലിന്റെ പ്രതികരണം.

പ്ലാന്റിലേക്ക് ജൈവമാലിന്യം കൊണ്ടുവരുന്നത് കുറയ്ക്കുമെന്നും സർക്കാർ അറിയിച്ചു. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ സർക്കാരിന്റെ പേരിൽ കേസെടുത്തിട്ടുണ്ടെന്നും സമാന്തരമായ മറ്റൊരു കേസ് ട്രിബ്യൂണലിന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും സംസ്ഥാനസർക്കാർ വാദിച്ചു. എന്നാൽ, ഹൈക്കോടതിയിൽ കേസുള്ളതുകൊണ്ട് ട്രിബ്യൂണലിന് വിഷയത്തിൽ ഇടപെടാതിരിക്കാനാവില്ലെന്ന് ജസ്റ്റിസ് ഗോയൽ പറഞ്ഞു.

സംസ്ഥാനസർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജും സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ശങ്കറുമാണ് ട്രിബ്യൂണലിൽ ഹാജരായത്. ബ്രഹ്മപുരവുമായി ബന്ധപ്പെട്ട് ഒരു റിപ്പോർട്ട് സംസ്ഥാനസർക്കാർ ട്രിബ്യൂണലിനു സമർപ്പിച്ചിട്ടുണ്ട്. അതുകൂടി പരിശോധിച്ചശേഷമായിരിക്കും അന്തിമ ഉത്തരവ്. ഓൺലൈൻ മുഖേന അഡീഷണൽ ചീഫ് സെക്രട്ടറി വി. വേണുവും പങ്കെടുത്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..