പ്രതീകാത്മക ചിത്രം | Photo: Mathrubhumi
ന്യൂഡൽഹി: മെഡിക്കൽ ഗവേഷണരംഗത്തെ ചാറ്റ് ജി.പി.ടി., നിർമിതബുദ്ധി എന്നിവയുടെ ഉപയോഗം നിയന്ത്രിക്കാൻ നടപടികളുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.). ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ രൂപവത്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
ചാറ്റ് ജി.പി.ടി.യും നിർമിതബുദ്ധിയുമെല്ലാം നൂതനമാണ്. ഇത്തരം സാങ്കേതികവിദ്യകളുടെ ഉപയോഗം വർധിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ധാർമികപ്രത്യാഘാതങ്ങൾ സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. അതു പഠിക്കാൻ ഉദ്യോഗസ്ഥരുടെ സംഘം ഒരു ചെറിയ പഠനം നടത്തിയിരുന്നു. ഗവേഷണപ്രബന്ധം എഴുതുന്നതിലടക്കം ചാറ്റ് ജി.പി.ടി.ക്ക് വലിയസാധ്യതയാണ് കണ്ടെത്തിയത്. കോപ്പിയടി തിരിച്ചറിയുന്നതുപോലുള്ള കാര്യങ്ങൾക്കുമാത്രമാണ് ഇപ്പോൾ അവ ഉപയോഗിക്കുന്നത്.
കഴിഞ്ഞവർഷം നവംബറിലാണ് ചാറ്റ് ജി.പി.ടി. പുറത്തിറക്കിയത്. മനുഷ്യസംഭാഷണങ്ങളോടു സാമ്യമുള്ള ഉത്തരങ്ങൾ നിർമിക്കാനടക്കം ഇവ ഉപയോഗിക്കുന്നു. വിവർത്തനം ചെയ്യുന്നതിലും സ്വയം തിരുത്തുന്നതിലും മാനുഷിക കഴിവിനോട് ഏറെ സാമ്യമുള്ളതാണ് ചാറ്റ് ജി.പി.ടി.യുടെ പ്രവർത്തനം. ഡോക്ടർമാർക്ക് തത്സമയനിർദേശങ്ങളും തിരുത്തലുകളും നൽകി, വെർച്വൽ അസിസ്റ്റന്റുമാരാകാൻ ഇവയ്ക്ക് സാധിക്കും.
ഇത്തരം സാങ്കേതികവിദ്യകൾ ആളുകൾക്ക് സഹായകരമാകുമെങ്കിലും കൂടുതൽ അവബോധവും ജാഗ്രതയും ആവശ്യമാണ്. അതിനാൽ, കുറഞ്ഞ അപകടസാധ്യതയുള്ള സ്ഥലത്തുമാത്രമേ വിന്യസിക്കാവൂയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..