ഭൂമിയിടപാട് കേസിൽ കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി


കർദിനാൾ മാർ ആലഞ്ചേരി, സുപ്രീംകോടതി |ഫോട്ടോ:മാതൃഭൂമി,PTI

ന്യൂഡൽഹി: സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിവിൽപ്പനയിൽ ക്രമക്കേടാരോപിച്ച് കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കമുള്ളവർ നൽകിയ ഹർജികൾ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇതോടെ, കാക്കനാട് കോടതിയിലെ നടപടികൾ പുരോഗമിക്കും.

കേസുകൾ റദ്ദാക്കണമെന്ന ആലഞ്ചേരിയുടെ ഹർജി മുമ്പ് കേരള ഹൈക്കോടതിയും കീഴ്‌ക്കോടതികളും തള്ളിയിരുന്നു. ഇത് സുപ്രീംകോടതി ശരിവെച്ചെങ്കിലും കേസിൽ ഹൈേക്കാടതി പിന്നീട് സ്വീകരിച്ച തുടർനടപടികളും ഉത്തരവുകളും സുപ്രീംകോടതി റദ്ദാക്കി. പള്ളികളുടെ ഭൂമിയും ആസ്തിയും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിലെ തുടർനടപടികൾ അടിയന്തരമായി സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് ബത്തേരി, താമരശ്ശേരി രൂപതകൾ നൽകിയ ഹർജിയും സുപ്രീംകോടതി തള്ളി.

ഹൈക്കോടതി നടപടിയിൽ അതൃപ്തി

ഹൈക്കോടതിയുടെ തുടർനടപടികളിൽ അതൃപ്തിയറിച്ചുകൊണ്ടാണ് ജസ്റ്റിസ് ബേല എസ്. ത്രിവേദി വിധിപറഞ്ഞത്. വിചാരണക്കോടതി ഉത്തരവ് ശരിവെച്ച് ഹൈക്കോടതി ഇറക്കിയ ആദ്യവിധി പ്രഥമദൃഷ്ട്യാലുള്ള നിരീക്ഷണങ്ങളായിരുന്നെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ, പിന്നീടുണ്ടായ ഹൈക്കോടതി നടപടികൾ ജുഡീഷ്യറിയുടെ വർധിച്ച ഇടപെടലാണ്. നീതിപൂർവകമായ വിചാരണനടത്തി കുറ്റവാളികളെ ശിക്ഷിക്കുകയെന്നതുപോലെ അനിവാര്യമാണ് നിരപരാധികൾക്കെതിരായ അനാവശ്യവും നിസ്സാരവുമായ പരാതികൾ തള്ളുകയെന്നതുമെന്ന് സുപ്രീംകോടതി പറഞ്ഞു.

ഹൈക്കോടതി ഉത്തരവിലെ, 17 മുതൽ 39 വരെയുള്ള ഖണ്ഡികകൾ ഇത്തരത്തിലുള്ളവയാണ്. ഇത്തരം നിരീക്ഷണങ്ങൾ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. പൊതുവായ ആ നീരീക്ഷണങ്ങൾ സിറോ മലബാർ കത്തോലിക്ക പള്ളികളുടെ സ്വത്തിടപാടുകളെ ബാധിച്ചതായി ഹർജിക്കാരൻ പറയുന്നുണ്ട്.

2007 സെപ്റ്റംബർ 21-ന് രജിസ്റ്റർചെയ്ത ആധാരപ്രകാരമുള്ള ഭൂമിയിടപാടിൽ സർക്കാർ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്നതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നതടക്കമുള്ള ഹൈക്കോടതിയുടെ അമിതാവേശത്തോടെയുള്ള നിർദേശങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ചു. നീതി നടപ്പാക്കുന്നതിന്റെ മറവിൽ അത്തരം ഉത്തരവുകൾ പാസാക്കുന്നതിലൂടെ ജുഡീഷ്യൽ ആക്ടിവിസത്തിന്റെയും ജുഡീഷ്യൽ നിയന്ത്രണത്തിന്റെയും സന്ദേശമാണ് നൽകുന്നതെന്നും ഉത്തരവിലുണ്ട്. അനാവശ്യമായ ജുഡീഷ്യൽ ആക്ടിവിസം കക്ഷികളുടെയും അധികൃതരുടെയും മനസ്സിൽ അനിശ്ചിതത്വമോ ആശയക്കുഴപ്പമോ ഉണ്ടാക്കിയേക്കാം. എത്ര നല്ല ഉദ്ദേശ്യത്തോടെയാണെങ്കിലും അത് അനുവദിക്കാനാവില്ലെന്നും ഉത്തരവ് പറയുന്നു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..