ബെംഗളൂരു: കൈക്കൂലിക്കേസിൽ ബി.ജെ.പി. എം.എൽ.എ. മദാൽ വിരുപാക്ഷപ്പയെ ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ വേണമെന്ന് ലോകായുക്ത ഹൈക്കോടതിയിൽ. വിരുപാക്ഷപ്പയുടെ മുൻകൂർ ജാമ്യഹർജിയിൽ വാദത്തിനിടെയാണ് ആവശ്യമുന്നയിച്ചത്. ജസ്റ്റിസ് കെ. നടരാജന്റെ ബെഞ്ച് ഹർജി വിധിപറയാനായി മാറ്റി.
വിരുപാക്ഷപ്പയ്ക്ക് കഴിഞ്ഞ ഏഴിന് കോടതി ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. ഹർജിയിൽ അന്തിമവിധിയുണ്ടാകുന്നതുവരെയാണ് ഇതിന്റെ കാലാവധി. തുടർന്ന് അദ്ദേഹം ലോകായുക്തയ്ക്കുമുമ്പിൽ ചോദ്യംചെയ്യലിന് ഹാജരായിരുന്നു. കേസിലെ ഒന്നാംപ്രതിയാണ് വിരുപാക്ഷപ്പ. അന്വേഷണത്തിൽ വിരുപാക്ഷപ്പ സഹകരിക്കുന്നില്ലെന്ന് ലോകായുക്ത കോടതിയിൽ ആരോപിച്ചു.
ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന ലോകായുക്തയുടെ ആവശ്യത്തോട് കോടതി യോജിച്ചില്ല. വിരുപാക്ഷപ്പയ്ക്ക് അനുവദിച്ച ഇടക്കാല ജാമ്യംതന്നെ കസ്റ്റഡിയിൽവെച്ച് ചോദ്യം ചെയ്യാൻ കഴിയുന്ന തരത്തിലാണെന്ന് പറഞ്ഞു. വിരുപാക്ഷപ്പയെ എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥർ വിളിപ്പിക്കുന്നുണ്ടെന്നും ചോദ്യംചെയ്യുന്നുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ബോധിപ്പിച്ചു.
കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജെന്റ്്സ് ലിമിറ്റഡ് ചെയർമാനായിരുന്ന വിരുപാക്ഷപ്പയുടെ ഓഫീസിൽനിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മകൻ പ്രശാന്തിനെ ലോകായുക്ത കൈയോടെ പിടികൂടുകയായിരുന്നു. വിരുപാക്ഷപ്പയ്ക്കുവേണ്ടിയാണ് കൈക്കൂലിവാങ്ങിയതെന്നാണ് കേസ്. പിന്നീട് നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത എട്ടുകോടിയിലധികം രൂപ പിടിച്ചെടുത്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..