ബെംഗളൂരു: ശിവമോഗയിലെ ഹോട്ടലിൽ സ്ത്രീകൾ പങ്കെടുത്ത നിശാപാർട്ടി തടഞ്ഞ് ബജ്‌റംഗ്‌ദൾ. വെള്ളിയാഴ്ച രാത്രിയാണ് ബജ്‌റംഗ്‌ദൾ ജില്ലാകൺവീനർ രാജേഷ് ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം പാർട്ടി നടക്കുന്ന ക്ലിഫ് എംബസി എന്ന ഹോട്ടലിൽ കയറി സ്ത്രീകളോടും ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുക്കളോടും പുറത്തുപോകാൻ ആവശ്യപ്പെട്ടത്. ബജ്‌റംഗ്‌ദൾ പ്രവർത്തകർക്കൊപ്പം പോലീസും ഹോട്ടലിലെത്തിയിരുന്നു. ഭീഷണിയുയർന്നതോടെ ഹോട്ടലിലുണ്ടായിരുന്നവർ പാർട്ടി അവസാനിപ്പിച്ചു.
മാർച്ച് എട്ടിന് വനിതാദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന പാർട്ടിയിയായിരുന്നു ഇത്. ഹോട്ടലിൽ അന്ന് മറ്റുചില പരിപാടികൾ നടന്നതിനാൽ 17-ലേക്ക് മാറ്റുകയായിരുന്നു. 50-ലേറെ സ്ത്രീകൾ ഉൾപ്പെടെ 70 പേരാണ് നിശാപാർട്ടിക്കെത്തിയത്.
സ്ത്രീകളുടെ നിശാപാർട്ടികൾ ഹിന്ദുസംസ്കാരത്തിന് നിരക്കാത്തതാണെന്നും ശിവമോഗജില്ലയിൽ ഇത്തരം പാർട്ടികൾ അനുവദിക്കില്ലെന്നും ബജ്‌റംഗ്‌ദൾ നേതാവ് രാജേഷ് ഗൗഡ പറഞ്ഞു. നിയമം കൈയിലെടുക്കുകയല്ല, പോലീസുമായി സംഭവസ്ഥലത്തെത്തുകയാണ് ചെയ്തതെന്നും രാജേഷ് ഗൗഡ അവകാശപ്പെട്ടു. അതേസമയം, സ്ഥിതിഗതികൾ വഷളാകാതിരിക്കാനാണ് പോലീസ് ഹോട്ടലിലേക്ക് പോയതെന്നും പാർട്ടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടിട്ടില്ലെന്നും ശിവമോഗ എസ്.പി. ജി.കെ. മിഥുൻകുമാർ പറഞ്ഞു. നേരത്തെയും മംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ ബജ്‌റംഗ്‌ദൾ പ്രവർത്തകർ നിശാപാർട്ടികൾ തടഞ്ഞിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..