ചെന്നൈ: നാടകീയസംഭവങ്ങളിലേക്ക് വഴിയൊരുക്കി എ.ഐ.എ.ഡി.എം.കെ ജനറൽസെക്രട്ടറി തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികസമർപ്പണം തുടങ്ങി. ശനിയാഴ്ച രാവിലെ പത്തരയോടെ റോയപ്പേട്ടയിലെ പാർട്ടി ആസ്ഥാനത്ത് ഇടക്കാല ജനറൽസെക്രട്ടറി എടപ്പാടി പളനിസ്വാമി (ഇ.പി.എസ്.) പത്രിക സമർപ്പിച്ചു. മണിക്കൂറുകൾക്കകം തിരഞ്ഞെടുപ്പിനെതിരേ വിമതനേതാവ് ഒ. പനിർശെൽവം (ഒ.പി.എസ്.) മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അനിഷ്ടസംഭവങ്ങൾ ചെറുക്കാൻ പാർട്ടി ആസ്ഥാനത്ത് പോലീസ് സുരക്ഷയൊരുക്കാൻ പളനിസ്വാമി ആവശ്യപ്പെട്ടു.
മുതിർന്ന നേതാക്കളായ നത്തം വിശ്വനാഥൻ, പൊള്ളാച്ചി ജയരാമൻ തുടങ്ങിയവർക്കൊപ്പം പത്രിക സമർപ്പിക്കാനെത്തിയ പളനിസ്വാമിയെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി സ്വികരിച്ചു. പളനിസ്വാമിയുടെ പേരിൽ 37 പേർ പത്രിക സമർപ്പിച്ചു. ഇ.പി.എസ് പത്രിക സമർപ്പിച്ചതിനു പിന്നാലെ ഒ.പി.എസ്. വാർത്താസമ്മേളനം വിളിച്ച് തിരഞ്ഞെടുപ്പ് നടപടിയെ രൂക്ഷമായി വിമർശിച്ചു. തുടർന്ന് പാർട്ടിനിയമങ്ങൾ ലംഘിച്ചുള്ള തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഞായറാഴ്ച ജസ്റ്റിസ് കുമരേഷ് ബാബുവിന്റെ ബെഞ്ചിനുമുമ്പാകെ ഹർജിയിൽ അടിയന്തരവാദം കേൾക്കുമെന്നാണ് സൂചന.
അതിനിടെ പനീർശെൽവവും പത്രിക സമർപ്പിക്കാനൊരുങ്ങുന്നതായി സൂചനയുണ്ട്. ഒ.പി.എസോ അനുയായികളേ എത്തുകയാണെങ്കിൽ അറസ്റ്റ് ചെയ്യാൻ പളനിസ്വാമി പോലീസിനോട് ആവശ്യപ്പെട്ടു. 26-നാണ് ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഞായറാഴ്ച വൈകീട്ട് മൂന്നുവരെ പത്രിക സമർപ്പിക്കാം. 20-ന് സൂക്ഷ്മ പരിശോധന. 21-ന് വൈകീട്ട് മൂന്നാണ് പിൻവലിക്കേണ്ട സമയം. സംസ്ഥാനത്തെ 75 ജില്ലാ യൂണിറ്റുകളിലും കർണാടക, കേരളം, ആന്ധ്രാപ്രദേശ്, പുതുച്ചേരി, മഹാരാഷ്ട്ര, ഡൽഹി എന്നിവയുൾപ്പെടെ 10 കേന്ദ്രങ്ങളിലും 27-ന് വോട്ടെണ്ണൽ നടക്കും.
എ.ഐ.എ.ഡി.എം.കെ.യിലെ ഏക നേതൃതർക്കത്തെത്തുടർന്ന് കഴിഞ്ഞവർഷം ജൂലായ് 11-ന് വിളിച്ചുചേർത്ത ജനറൽ കൗൺസിൽ യോഗമാണ് പളനിസ്വാമിയെ ഇടക്കാല ജനറൽസെക്രട്ടറിയായി തിരഞ്ഞെടുത്തതും പനീർശെൽവത്തെ പുറത്താക്കുകയും ചെയ്തത്. കഴിഞ്ഞ ഒരുവർഷമായി ഇ.പി.എസ്.-ഒ.പി.എസ്. പക്ഷങ്ങൾ തമ്മിൽ നടക്കുന്ന അധികാരവടംവലിക്കും നിയമ പേരാട്ടങ്ങൾക്കുമിടയിലാണ് വെള്ളിയാഴ്ച വൈകീട്ട് പളനിസ്വാമി ജനറൽസെക്രട്ടറി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..