മുംബൈ: ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ നാസിക്കിൽനിന്ന് മുംബൈയിലേക്ക് നടത്തിയ കർഷകജാഥ ശനിയാഴ്ച അവസാനിപ്പിച്ചു. കർഷകർ മുന്നോട്ടുവെച്ച 17 ആവശ്യങ്ങളിൽ 14 എണ്ണം സർക്കാർ അംഗീകരിച്ചു. കർഷകർക്ക് കൊടുത്ത ഉറപ്പ് വെള്ളിയാഴ്ച നിയമസഭയിൽ പ്രഖ്യാപിക്കുകയും ഇക്കാര്യത്തിൽ നടപടിയെടുക്കാൻ മറ്റു വകുപ്പുകൾക്ക് നിർദേശം നൽകുകയും ചെയ്തതോടെയാണ് പ്രതിഷേധജാഥ അവസാനിപ്പിക്കാൻ കർഷകർ തീരുമാനിച്ചത്.
‘സർക്കാർ പഴയപോലെ ഉറപ്പുമാത്രം നൽകുമെന്നായിരുന്നു കരുതിയത്. എന്നാൽ സർക്കാർ നടപടിയെടുക്കാൻ തുടങ്ങിയിരിക്കുന്നു. അതിനാൽ പ്രതിഷേധജാഥ അവസാനിപ്പിക്കുകയാണ്. എല്ലാ കർഷകരും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവുകയാണ്.’-പ്രതിഷേധ ജാഥയ്ക്ക് നേതൃത്വം നൽകിയ സി.പി.എം. നേതാവ് ജീവ പാണ്ടു ഗാവിത്ത് പറഞ്ഞു.
10,000-ത്തോളം കർഷകരാണ് താനെ ജില്ലയിലെ വാസിന്ദിൽ രണ്ടുദിവസമായി തങ്ങുന്നത്. ഇവർക്ക് നാസിക്കിലേക്ക് തിരിച്ചുപോകാൻ അധികൃതർ പ്രത്യേക തീവണ്ടി ഏർപ്പെടുത്തി. മുംബൈയിൽനിന്ന് നാസിക് വഴി പോകുന്ന ചില തീവണ്ടികൾക്ക് വാസിന്ദിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു. വാസിന്ദിലുള്ള എല്ലാ കർഷകരും തിരിച്ചുപോയതായി താനെ ജില്ലാകളക്ടർ അശോക് ശിങ്കാരെ പറഞ്ഞു.
സവാള ക്വിന്റലിന് 600 രൂപ സബ്സിഡി അനുവദിക്കുക, കൃഷിനശിച്ച കർഷകർക്ക് ഉടനെ നഷ്ടപരിഹാരം നൽകുക, വനഭൂമി ആദിവാസികൾക്ക് അനുവദിക്കുക, തടസ്സമില്ലാതെ 12 മണിക്കൂർ വൈദ്യുതി ലഭ്യമാക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് കർഷകർ മുന്നോട്ടുവെച്ചത്. കഴിഞ്ഞ ഞായറാഴ്ച നാസിക്കിലെ ദിണ്ടോരിയിൽനിന്നാണ് കർഷകജാഥ ആരംഭിച്ചത്. കർഷകരെ കൂടാതെ ആദിവാസികളും തൊഴിലാളികളും ആശാവർക്കർമാരും ജാഥയുടെ ഭാഗമായിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസും കർഷക പ്രതിനിധികളുമായി വ്യാഴാഴ്ച ചർച്ച നടത്തിയിരുന്നു.
ജാഥയിൽ പങ്കെടുത്ത ഒരു കർഷകൻ മരിച്ചു
കർഷകജാഥയിൽ പങ്കെടുത്ത ഒരു കർഷകൻ വെള്ളിയാഴ്ച രാത്രി മരിച്ചു. നാസിക് ജില്ലയിലെ ദിണ്ടോരിക്കടുത്ത് താമസിക്കുന്ന 58-കാരനായ പുണ്ഡലിക് അംബോ ജാധവാണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ജാധവിനെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി. അസുഖം ഭേദമായതിനെത്തുടർന്ന് വൈകീട്ടോടെ ആശുപത്രിവിട്ടു. എന്നാൽ രാത്രിഭക്ഷണത്തിനുശേഷം കുഴഞ്ഞുവീണ ജാധവിനെ ഷഹാപുർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. വാസിന്ദ് പോലീസ് അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..