ബെംഗളൂരു: ഒരാഴ്ചമുമ്പ് ഉദ്ഘാടനംചെയ്ത ബെംഗളൂരു-മൈസൂരു അതിവേഗപാതയുടെ കുറച്ചുഭാഗം കനത്തമഴയെത്തുടർന്ന് വെള്ളത്തിലായി. ഇതോടെ ശനിയാഴ്ച രാവിലെ ഗതാഗതം തടസ്സപ്പെട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു. വെള്ളിയാഴ്ച രാത്രിപെയ്ത മഴയെത്തുടർന്ന് രാമനഗരയ്ക്കും ബിഡദിക്കും ഇടയിലുള്ള സംഗബസവന ദൊഡ്ഡിയിലാണ് വെള്ളംപൊങ്ങിയത്. ശനിയാഴ്ച രാവിലെ വൻ ഗതാഗതക്കുരുക്കുണ്ടായി ഒന്നിനുപിറകേ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
മഴവെള്ളം ഒഴുകിപ്പോകാൻ സ്ഥലമുണ്ടായിരുന്നെങ്കിലും ചില ഗ്രാമവാസികൾ മണ്ണുപയോഗിച്ച് അടച്ചതിനാലാണ് പാതയിൽ വെള്ളപ്പൊക്കമുണ്ടായതെന്ന് ദേശീയപാതാ അധികൃതർ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ മഴപെയ്തപ്പോൾ ഇതേഭാഗത്ത് വൻതോതിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു. അതിവേഗപാത പൂർത്തിയാകുമ്പോൾ ഈഭാഗത്ത് വെള്ളപ്പൊക്കമുണ്ടാകില്ലെന്ന് കഴിഞ്ഞ ജനുവരിയിൽ സന്ദർശനത്തിനെത്തിയ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ഈമാസം 12-നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 118 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗപാത ഉദ്ഘാടനംചെയ്തത്. അതിവേഗപാതയിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് സർക്കാരിനുനേരെ രൂക്ഷവിമർശനവുമായി യാത്രക്കാരും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികളും രംഗത്തെത്തി.
സാമൂഹികമാധ്യമങ്ങളിൽ വെള്ളക്കെട്ടിന്റെ ചിത്രങ്ങളുൾപ്പെടെ പോസ്റ്റുചെയ്താണ് ആളുകൾ പ്രതിഷേധിച്ചത്. പണിപൂർത്തിയാകാത്ത പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്യുന്നതെന്ന് പ്രിയങ്ക് ഖാർഗെ എം.എൽ.എ. പറഞ്ഞു. കർണാടകത്തിലെ ജനങ്ങൾ വിഡ്ഢികളാണെന്നാണോ ബി.ജെ.പി. വിചാരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ബെംഗളൂരു-മൈസൂരു അതിവേഗപാത യാത്രക്കാർക്ക് പേടിസ്വപ്നമായിമാറിയെന്ന് ഡി.കെ. സുരേഷ് എം.പി. പറഞ്ഞു. 8500 കോടിയിലധികം രൂപ ചെലവഴിച്ച അതിവേഗപാതയുടെ അവസ്ഥ ഇതാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗപാതയിൽ ബിഡദിക്ക് സമീപം കഴിഞ്ഞദിവസം വലിയകുഴി രൂപപ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..