ന്യൂഡൽഹി: പ്രതിപക്ഷം മുന്നോട്ടുവന്നാൽ പാർലമെന്റ് സ്തംഭനത്തിന് പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചർച്ചകൾക്കായി പ്രതിപക്ഷം രണ്ടടി മുന്നോട്ടുവെച്ചാൽ സർക്കാരും രണ്ടടി മുന്നിലേക്ക് വരുമെന്ന് ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
രാഹുലിന്റെ ലണ്ടൻപ്രസംഗം ഉയർത്തി ഭരണപക്ഷവും അദാനി വിഷയം ഉയർത്തി പ്രതിപക്ഷവും തുടർച്ചയായി പാർലമെന്റ് തടസ്സപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷം പത്രസമ്മേളനം നടത്തുന്നതല്ലാതെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ ചർച്ചനടത്താതെ പാർലമെന്റ് നടത്തിപ്പ് എളുപ്പമല്ല.
പാർലമെന്റിൽ പൂർണ അഭിപ്രായസ്വാതന്ത്ര്യമുണ്ട്. ആരാണ് അവരുടെ സംസാരം തടയുന്നതെന്നും ഷാ ചോദിച്ചു. ചട്ടങ്ങൾക്കനുസരിച്ചാണ് പാർലമെന്റിൽ ചർച്ചകൾ നടക്കുന്നത്. തെരുവിൽ സംസാരിക്കുന്ന രീതിയിൽ പാർലമെന്റിനുള്ളിൽ സംസാരിക്കാൻ കഴിയില്ല. ഇത്തരം അടിസ്ഥാന സങ്കല്പം പ്രതിപക്ഷത്തിനില്ലെങ്കിൽ എന്തുനടപടി സ്വീകരിക്കാനാണെന്നും അമിത് ഷാ ചോദിച്ചു.
സി.ബി.ഐ.യും ഇ.ഡി.യും പ്രവർത്തിക്കുന്നത് നിഷ്‌പക്ഷമായി
: സി.ബി.ഐ.യും ഇ.ഡി.യും നിഷ്‌പക്ഷമായാണ് പ്രവർത്തിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാൻ പ്രതിപക്ഷത്തെ ആരാണ് തടയുന്നതെന്നും അദ്ദേഹം ചോദിച്ചു. 2017-ൽ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണസമയത്ത് തങ്ങൾ അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് സർക്കാർ അന്വേഷിക്കുന്നില്ല എന്നായിരുന്നു കോൺഗ്രസിന്റെ ഒരു ഉന്നത വനിതാനേതാവിന്റെ ചോദ്യം. നടപടി എടുത്തപ്പോൾ അവർ വിമർശനവും പരാതിയും ഉയർത്തുകയാണെന്നും ഷാ കുറ്റപ്പെടുത്തി.
അന്വേഷണ ഏജൻസികൾ കോടതികളുടെ മുകളിലല്ല. പ്രഥമവിവര റിപ്പോർട്ടുകളും കുറ്റപത്രങ്ങളും ഏതു കോടതിയിലും ചോദ്യംചെയ്യാം. അദാനി ഗ്രൂപ്പിനെതിരേയുള്ള അന്വേഷണം ഇ.ഡി. ഏറ്റെടുക്കാത്തതെന്തെന്ന ചോദ്യത്തിന് വിരമിച്ച ജഡ്ജിമാരുൾപ്പെടുന്ന രണ്ടംഗ സമിതിയെ അന്വേഷണത്തിനായി സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ടെന്ന് ഷാ ചൂണ്ടിക്കാട്ടി. ആർക്കുവേണമെങ്കിലും അവരെ സമീപിച്ച് തെളിവുകൾ നൽകാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..