ചെന്നൈ: തമിഴ്‌നാട്ടിൽ അതിഥിതൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന വ്യാജവാർത്ത പ്രചരിപ്പിച്ച കേസിലെ മുഖ്യപ്രതി മനീഷ് കശ്യപിനെ ബിഹാർ പോലീസ് അറസ്റ്റുചെയ്തു. ഒളിവിലായിരുന്ന കശ്യപിന്റെ സ്വത്ത് കണ്ടുകെട്ടാൻ ബിഹാർ പോലീസ് നടപടി സ്വീകരിച്ചതിനുപിന്നാലെ ഇയാൾ കീഴടങ്ങുകയായിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ബിഹാറിൽനിന്നുള്ള തൊഴിലാളികൾ തമിഴ്‌നാട്ടിൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതായി കാണിച്ച് വ്യാജ വീഡിയോ സൃഷ്ടിച്ചവരിൽ പ്രധാനിയാണ് യൂട്യൂബറായ മനീഷ് കശ്യപും കൂട്ടാളികളും. ഇവരുടെ പേരിൽ തമിഴ്‌നാട് പോലീസും ബിഹാർ പോലീസും കേസെടുക്കുകയും പ്രതികളെ പിടികൂടാൻ പ്രത്യേകസംഘത്തെ നിയോഗിക്കുകയുംചെയ്തു. സ്വത്ത് കണ്ടുകെട്ടാൻ ബിഹാർ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം രംഗത്തുവന്നപ്പോഴാണ് ബേട്ടിയയിലെ ജഗദീഷ്‌പുർ പോലീസ് സ്റ്റേഷനിലെത്തി മനീഷ് കീഴടങ്ങിയത്. ബിഹാറിന്റെ പുത്രനെന്ന് സ്വയം അവകാശപ്പെടുന്ന മനീഷ് കശ്യപിന്റെ യഥാർഥ പേര് ത്രിപുരാരി കുമാർ തിവാരി എന്നാണ്. 2020-ൽ ചൻപട്ടിയ നിയമസഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ചിരുന്നു. അതിനുശേഷമാണ് യൂട്യൂബർ എന്നനിലയിൽ പ്രശസ്തനായത്.
മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളാരും തമിഴ്‌നാട്ടിൽ ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ഇതുസംബന്ധിച്ച വാർത്തകൾ ഊഹാപോഹമാണെന്നും സംസ്ഥാനം സന്ദർശിച്ച ബിഹാർ, ഝാർഖണ്ഡ് സംഘങ്ങൾ സ്ഥിരീകരിച്ചിരുന്നു. വ്യാജവാർത്ത പ്രചരിപ്പിച്ചതിന് രണ്ട് ഉത്തരേന്ത്യൻപത്രങ്ങളുടെ നടത്തിപ്പുകാർ ഉൾപ്പെടെ 13 ആളുകളുടെ പേരിൽ തമിഴ്‌നാട് പോലീസ് കേസെടുത്തിട്ടുണ്ട്. മൂന്നുപേരെ അറസ്റ്റുചെയ്തു. വ്യാജവാർത്ത പ്രചരിപ്പിച്ചെന്ന കേസിൽ ബിഹാർ ബി.ജെ.പി. വക്താവ് പ്രശാന്ത് കുമാർ ഉമ്രാവോ മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ജാമ്യാപേക്ഷ വിധിപറയാൻ മാറ്റിയ കോടതി, ഉമ്രാവോവിനെ നിശിതമായി വിമർശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..