ബ്രഹ്മപുരം: കൊച്ചി കോർപ്പറേഷന് 100 കോടി പിഴ


കുറ്റക്കാർക്കെതിരേ ക്രിമിനൽ നടപടി വേണമെന്നും ദേശീയ ഹരിത ട്രിബ്യൂണൽ

ബ്രഹ്മപുരം പ്ലാന്റിൽ തീയണയ്ക്കാൻ ശ്രമിക്കുന്ന അ‌ഗ്നിശമന സേനാംഗങ്ങൾ. ഫോട്ടോ: ജി.ആർ. രാഹുൽ.

ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ 100 കോടി രൂപ പിഴചുമത്തി. ഒരു മാസത്തിനകം സംസ്ഥാന ചീഫ് സെക്രട്ടറിക്കുമുമ്പാകെ പിഴയടയ്ക്കാനാണ് ഉത്തരവ്. പിഴയായി അടയ്ക്കുന്ന തുക തീപ്പിടിത്തത്തെത്തുടർന്നുണ്ടായ പൊതുജനാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ വിനിയോഗിക്കണം. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ട്രിബ്യൂണലിന്റെ നടപടി.

തീപ്പിടിത്തത്തിനുത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ-വകുപ്പുതല നടപടിവേണം. കുറ്റക്കാരെ കണ്ടെത്താൻ ഉന്നതതല അന്വേഷണം ആവശ്യമാണ്. രണ്ടുമാസത്തിനകം കുറ്റക്കാരെ കണ്ടെത്തണമെന്നും ഉത്തരവിൽ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കാൻ ചീഫ് സെക്രട്ടറിക്ക് കഴിയണം. കുറ്റക്കാർക്കെതിരേ സംസ്ഥാന പോലീസ് മേധാവിയും ചീഫ് സെക്രട്ടറിയും കർശനനിയമനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അല്ലാത്തപക്ഷം ഉദ്യോഗസ്ഥരെ വിചാരണചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.

സംഭവത്തിൽ സർക്കാരിനും കോർപ്പറേഷനും ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ബ്രഹ്മപുരത്ത് പാലിക്കുന്നില്ലെന്ന് 2018-ൽ സംസ്ഥാനസർക്കാരിനെ അറിയിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ സ്വീകരിക്കേണ്ട നടപടികളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. വീഴ്ചകൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകാനും അന്ന് ഉത്തരവിട്ടിരുന്നു.

എന്നാൽ, നിർദേശങ്ങൾ നടപ്പാക്കാനോ നഷ്ടപരിഹാരം നൽകാനോ അന്ന് അധികൃതർ തയ്യാറായില്ല. ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിന് നേതൃത്വം നൽകുന്ന ചെയർപേഴ്സൺ എ.കെ. ഗോയലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിനെ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ കോർപ്പറേഷന് നിയമപരമായി ചോദ്യംചെയ്യാനാകും.

സർക്കാർ പൂർണപരാജയം

ഖരമാലിന്യ സംസ്കരണച്ചട്ടങ്ങൾ നടപ്പാക്കുന്നതിലും സുപ്രീംകോടതി ഉത്തരവ് പാലിക്കുന്നതിലും സംസ്ഥാനസർക്കാർ സമ്പൂർണപരാജയമാണെന്ന് ട്രിബ്യൂണൽ ഉത്തരവിൽ കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥരും സർക്കാരും, ചട്ടങ്ങളും ഉത്തരവുകളും നിരന്തരം ലംഘിച്ചു. തീപ്പിടിത്തമുണ്ടായപ്പോഴും നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാനസർക്കാരിന് ഗുരുതര വീഴ്ചയുണ്ടായി. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്രതീക്ഷിച്ചപോലെ പ്രവർത്തിച്ചില്ലെന്നും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി.

കൃത്യമായി പ്രവർത്തിക്കുന്ന പ്ലാന്റ് വേണം

ബ്രഹ്മപുരത്ത് ചട്ടങ്ങൾ പാലിച്ച് കൃത്യമായി പ്രവർത്തിക്കുന്ന ആധുനിക ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് അത്യാവശ്യമാണെന്ന് ട്രിബ്യൂണൽ നിർദേശിച്ചു. ബയോ-മൈനിങ് പ്രക്രിയയിലൂടെ പ്രദേശത്തെ മാലിന്യം നീക്കംചെയ്യണം. എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ വേർതിരിക്കണം. കൊച്ചിയിലെ വായുവിലും ചതുപ്പിലും മാരകവിഷപദാർഥം കണ്ടെത്തിയിട്ടുള്ളതിനാൽ പാൽ, മുട്ട, മാംസം തുടങ്ങിയ ഭക്ഷണസാംപിളുകളിലെ ഡയോക്സിനുകളുടെ അളവ് പരിശോധിക്കണം.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..