ഭക്ഷ്യസുരക്ഷാവെല്ലുവിളി നേരിടാൻ ചെറുധാന്യ ഭക്ഷ്യമേഖല സഹായിക്കുമെന്ന് പ്രധാനമന്ത്രി


ന്യൂഡൽഹി: ഭക്ഷ്യസുരക്ഷയുടെയും ഭക്ഷണശീലങ്ങളുടെയും വെല്ലുവിളികളെ നേരിടാൻ ചെറുധാന്യങ്ങൾക്കാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയതലത്തിൽ പോഷകധാന്യങ്ങളുടെ പങ്ക് വർധിപ്പിക്കുന്നതിനായി പ്രവർത്തിക്കാൻ കാർഷിക ശാസ്ത്രജ്ഞരോട് മോദി ആവശ്യപ്പെട്ടു. ഡൽഹിയിൽ ആഗോള ചെറുധാന്യസമ്മേളനം (ശ്രീ അന്ന) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ നിരന്തരമായ പരിശ്രമങ്ങൾക്കുശേഷം ഐക്യരാഷ്ട്രസഭ 2023-നെ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചത് രാജ്യത്തിന് അഭിമാനകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെറുധാന്യമേഖലയെ ആഗോളതലത്തിൽ ഉയർത്തിക്കൊണ്ടുവരുന്നതിനായി ഇന്ത്യ ഊർജിതമായി പ്രവർത്തിക്കുകയാണ്.

പ്രതികൂല കാലാവസ്ഥയിലും രാസവളങ്ങളില്ലാതെ എളുപ്പത്തിൽ ചെറുധാന്യം കൃഷിചെയ്യാമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ ഈ ദൗത്യം രാജ്യത്തെ രണ്ടരക്കോടി ചെറുകിട കർഷകർക്ക് ഗുണകരമാകുമെന്നും അഭിപ്രായപ്പെട്ടു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിനെ (ഐ.ഐഎം.ആർ.) ഗ്ലോബൽ സെന്റർ ഓഫ് എക്സലൻസായി ചടങ്ങിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചെറുധാന്യങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട സ്റ്റാർട്ടപ്പ് സംരംഭകർ രാജ്യത്തിന്റെ വളർച്ചയുടെ ഭാഗമാവുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ളതും നൂതനവുമായ കൃഷിരീതികളിലൂടെ ചെറുധാന്യങ്ങളുടെ ഉത്പാദനം വർധിപ്പിക്കലാണ് ലക്ഷ്യം. നിലവിൽ ചെറുധാന്യങ്ങളുടെ ഉത്പാദനത്തിൽ ഒന്നാമതും കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുമാണ് ഇന്ത്യ. പ്രതിവർഷം 170 ലക്ഷം ടണ്ണിലധികം ചെറുധാന്യങ്ങൾ ഇന്ത്യ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ഏഷ്യയിലെ ഉത്പാദനനിരക്കിന്റെ 80 ശതമാനവും ആഗോളതലത്തിൽ 20 ശതമാനവുമാണ്.

ഗ്രാമങ്ങളിലെ സ്വയം സഹായസംഘങ്ങളിലെ സ്ത്രീകളുടെ ഉത്പന്നങ്ങൾ സൂപ്പർമാർക്കറ്റുകളിലും ഷോപ്പിങ്മാളുകളിലുമടക്കം വിപണി കണ്ടെത്തുന്ന ഒരു വിതരണശൃംഖല രാജ്യത്ത് വികസിച്ചുവരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലയിൽ ഒരു സുസ്ഥിരവികസനം ഉറപ്പാക്കാൻ എല്ലാവിധ സഹകരണവും വേണമെന്ന് ചടങ്ങിൽ പങ്കെടുത്ത വിദേശരാജ്യങ്ങളിലെ കൃഷിമന്ത്രിമാരോട് അദ്ദേഹം അഭ്യർഥിച്ചു. 2023-നെ അന്താരാഷ്ട്ര ചെറുധാന്യവർഷമായി ആഘോഷിക്കുന്നതിന്റെ സ്മരണാർഥം പുറത്തിറക്കിയ തപാൽ സ്റ്റാമ്പും 75 രൂപയുടെ നാണയവും അദ്ദേഹം അനാച്ഛാദനംചെയ്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..