പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥിപ്പട്ടിക തയ്യാറായി. 125 സ്ഥാനാർഥികളുടെ പട്ടികയാണ് തയ്യാറായത്. ഇതിൽ 61 പേർ സിറ്റിങ് എം.എൽ.എ.മാരാണ്. ഉഗാദി ഉത്സവദിനമായ(കന്നഡിഗരുടെ പുതുവത്സര ദിനം) മാർച്ച് 22-ന് രാവിലെ പട്ടിക പുറത്തിറക്കുമെന്ന് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ പറഞ്ഞു.
സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ പാർട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച ഡൽഹിയിൽ യോഗം ചേർന്നിരുന്നു. സംസ്ഥാന സ്‌ക്രീനിങ് കമ്മിറ്റി തയ്യാറാക്കിയ പട്ടിക യോഗത്തിൽ പരിഗണിച്ചു. ഇതിൽ ഭൂരിഭാഗം പേരും അന്തിമപട്ടികയിലുണ്ട്. കാര്യമായ തർക്കങ്ങളില്ലാത്ത മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ആദ്യ പട്ടികയിൽ ഇടം നേടിയത്. 224 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. പല മണ്ഡലങ്ങളിലും സ്ഥാനാർഥിത്വം സംബന്ധിച്ച തർക്കം രൂക്ഷമാണ്.
രാഹുൽഗാന്ധി നാളെ ബെലഗാവിയിൽ
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി തിങ്കളാഴ്ച ബെലഗാവിയിലെത്തും. യുവാക്കളെ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘യുവ ക്രാന്തി റാലി’ യിൽ രണ്ടുലക്ഷം പ്രവർത്തകർ പങ്കെടുക്കും. യുവാക്കളെ ലക്ഷ്യമിട്ടുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം റാലിയിൽ രാഹുൽ പ്രഖ്യാപിച്ചേക്കും.
കോൺഗ്രസിന്റെ നാലാം തിരഞ്ഞെടുപ്പ് വാഗ്ദാനമായിരിക്കും ഇത്. ഓരോ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, വീട്ടമ്മമാർക്ക് മാസം രണ്ടായിരം രൂപ, ബി.പി.എൽ. കുടുംബങ്ങളിലെ ഓരോ അംഗത്തിനും മാസം പത്തു കിലോ അരി എന്നിവ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിനൊരുങ്ങിയ കർണാടകത്തിൽ രാഹുൽ ഗാന്ധിയുടെ ആദ്യ റാലിയാണ് ബെലഗാവിയിലേത്. ഭാരത് ജോഡോ യാത്രയ്ക്കുശേഷം രാഹുൽ ആദ്യമായാണ് കർണാടകത്തിലെത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..