ന്യൂഡൽഹി: ഇന്ത്യയിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു എന്ന് കേംബ്രിജ് യൂണിവേഴ്‌സിറ്റിയിൽ പ്രസംഗിച്ചതിനെച്ചൊല്ലി പാർലമെന്ററി സമിതി യോഗത്തിൽ രാഹുൽ ഗാന്ധിയും ബി.ജെ.പി. എം.പി.മാരും വാക്‌പോരിൽ. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി-20 ഉച്ചകോടിക്കുള്ള തയ്യാറെടുപ്പുകൾ വിവരിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറിന്റെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന യോഗത്തിലാണ് സംഭവം.
ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്നുറപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ചാണ് ജയ്‌ശങ്കർ ഒരുക്കങ്ങൾ വിശദീകരിച്ചത്. പിന്നാലെ സംസാരിച്ച ബി.ജെ.പി. എം.പി. ജി.വി.എൽ. നരസിംഹ റാവു, ഹിൻഡൻബർഗിന്റെയും ശതകോടീശ്വരനായ ജോർജ് സോറോസിന്റെയും പരാമർശങ്ങൾ വലിയ ഇന്ത്യാവിരുദ്ധ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അഭിപ്രായപ്പെട്ടു. ചില രാഷ്ട്രീയക്കാർ ഇന്ത്യയെക്കുറിച്ച് വിദേശമണ്ണിൽ സംസാരിച്ച് നല്ലകുട്ടിയാവാനുള്ള ശ്രമം നടത്തുകയാണെന്ന് രാഹുൽ ഗാന്ധിയുടെ പേരുപറയാതെ ബി.ജെ.പി. എം.പി. അനിൽ ഫിറോദിയ പറഞ്ഞു.
പിന്നാലെ സംസാരിച്ച രാഹുൽ ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്ന് ആവർത്തിച്ചു. എന്നാൽ, തങ്ങളിൽ ഭൂരിഭാഗവും ഇതിനെ അനുകൂലിക്കുന്നില്ലെന്ന് ജയ്‌ശങ്കർ പറഞ്ഞു. അതു നന്നായെന്നു പ്രതികരിച്ച രാഹുൽ, അത് ജയ്‌ശങ്കറിന്റെ ജനാധിപത്യാവകാശമാണെന്നും ആക്രമിക്കുമ്പോൾ മറുപടി പറയാൻ തനിക്കും അവകാശമുണ്ടെന്നും തിരിച്ചടിച്ചു. തന്റെ ലക്ഷ്യം ഹിൻഡൻബർഗ് റിപ്പോർട്ടിൽ പേരു പരാമർശിക്കപ്പെട്ട വ്യക്തിക്കെതിരേയായിരുന്നു. സർക്കാരിനെതിരേയല്ല. ഒരു വ്യവസായി മൊത്തം സർക്കാരിനെയും രാജ്യത്തെയും പ്രതിനിധാനം ചെയ്യുന്നില്ല -രാഹുൽ വിശദീകരിച്ചു. രാഹുലിന്റെ സംസാരം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ യോഗത്തിലുണ്ടായതായി ഒരു പ്രതിപക്ഷ എം.പി. പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..