ബെംഗളൂരു: കർണാടകത്തിൽ കഴിഞ്ഞദിവസം രാജിവെച്ച ബി.ജെ.പി. എം.എൽ.സി. ബാബുറാവു ചിഞ്ചനസൂർ കോൺഗ്രസിൽ ചേർന്നു. കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതംചെയ്തു. തിരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ ബി.ജെ.പി. വിട്ട് ബാബുറാവു എത്തിയത് കോൺഗ്രസിന് ആവേശം പകരുന്നതായി. അദ്ദേഹത്തിലൂടെ കല്യാണകർണാടക മേഖലയിൽ കൂടുതൽ നേട്ടമുണ്ടാക്കാമെന്നാണ് പാർട്ടി കരുതുന്നത്.
ബി.ജെ.പി.യിൽനിന്ന് എം.എൽ.സി. സ്ഥാനം രാജിവെച്ച് കോൺഗ്രസിലെത്തുന്ന രണ്ടാമത്തെയാളാണ് ബാബുറാവു. ഈ മാസമാദ്യം ബി.ജെ.പി. എം.എൽ.സി.യായ പുട്ടണ്ണ രാജിവെച്ച് കോൺഗ്രസിലെത്തിയിരുന്നു.
മുൻമന്ത്രിയും അഞ്ചുതവണ എം.എൽ.എ.യുമായ നേതാവാണ് ബാബുറാവു ചിഞ്ചനസൂർ. 2013-ലെ സിദ്ധരാമയ്യ മന്ത്രിസഭയിൽ അംഗമായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കലബുറഗിയിൽനിന്ന് മത്സരിച്ച ഇപ്പോഴത്തെ എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തോൽവിയിൽ പ്രധാന പങ്കുവഹിച്ചത് ബാബുറാവുവാണെന്നാണ് വിലയിരുത്തൽ. 2018-ലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പി.യിലെത്തിയത്. കഴിഞ്ഞവർഷം ബി.ജെ.പി.യുടെ എം.എൽ.സി.യായി.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെയാണ് അദ്ദേഹം ബി.ജെ.പി. വിട്ടത്. എം.എൽ.സി.മാർക്ക് സീറ്റ് നൽകേണ്ടെന്നാണ് പാർട്ടിതീരുമാനം. അദ്ദേഹത്തിന് കോൺഗ്രസ് സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..