ജഡ്ജിനിയമനം: കേന്ദ്രത്തിനെതിരേ വീണ്ടും സ്വരംകടുപ്പിച്ച് കൊളീജിയം


1 min read
Read later
Print
Share

ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനവിഷയത്തിൽ കേന്ദ്രത്തെ വീണ്ടും അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി കൊളീജിയം.

കൊളീജിയത്തിന്റെ ശുപാർശയ്ക്കു മുകളിൽ കേന്ദ്രസർക്കാർ പ്രത്യേകം തിരഞ്ഞെടുപ്പു നടത്തുന്നതായും ചിലരുടെ നിയമനം വൈകിപ്പിക്കുയോ അംഗീകാരം നൽകാതിരിക്കുകയോ ചെയ്യുന്നതായുമാണ് ആരോപണം. ആവർത്തിച്ചു നൽകിയ ശുപാർശകളിൽ കേന്ദ്രം തീരുമാനമെടുക്കാത്തത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുൾപ്പെട്ട കൊളീജിയം യോഗം വിലയിരുത്തി.

മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ശുപാർശചെയ്ത അഭിഭാഷകൻ ജോൺ സത്യന്റെ നിയമനത്തിൽ കേന്ദ്രം തീരുമാനമെടുക്കാത്തതിനെ കൊളീജിയം പ്രമേയത്തിൽ പ്രത്യേകം എടുത്തുപറഞ്ഞു. ജനുവരി 17-ന് ജോൺ സത്യന്റെ പേര് കൊളീജിയം വീണ്ടും അയച്ചിരുന്നു. ഇതിനുശേഷം നിർദേശിച്ച പേരുകളിൽ പലതിലും കേന്ദ്രം അംഗീകാരംനൽകി. ഒറ്റത്തവണ ശുപാർശചെയ്ത പേരുകൾപോലും ജോൺ സത്യനെ മറികടന്ന് നിയമനം നടത്തി. ഏറെ വിവാദമുയർത്തിയ ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരിയുടെ നിയമനവും ഇതിൽ ഉൾപ്പെടുന്നുവെന്നും കൊളീജിയം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഒരുലേഖനം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചു എന്നതാണ് ജോൺ സത്യന്റെ നിയമനത്തിൽ കേന്ദ്രം നടപടിയെടുക്കാതിരിക്കുന്നതിനുള്ള കാരണം. എന്നാൽ, ജോൺ സത്യൻ ജഡ്ജിയാകാൻ ഏറ്റവും അനുയോജ്യനാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന്റെ വാദങ്ങളെ കൊളീജിയം തള്ളിയിരുന്നു.

മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകൻ രാമസ്വാമി നീലകണ്ഠന്റെ പേര് ജനുവരി 17-ന് ചേർന്ന കൊളീജിയം മദ്രാസ് ഹൈക്കോടതി ജഡ്ജിയായി ശുപാർശചെയ്തിരുന്നു. ഇപ്പോൾ ശുപാർശ ചെയ്തിരിക്കുന്ന രാജശേഖറെക്കാൾ സീനിയറായ ഇദ്ദേഹത്തിന്റെ നിയമനം വളരെനേരത്തേതന്നെ നടക്കേണ്ടതായിരുന്നു. രാമസ്വാമി നീലകണ്ഠന്റെ നിയമനവിജ്ഞാപനം ഇറക്കിയതിനുശേഷമാണ് രാജശേഖറുടെ നിയമനം വിജ്ഞാപനം ചേയ്യേണ്ടതെന്നും കൊളീജിയം നിർദേശിച്ചു.

കഴിഞ്ഞദിവസം ചേർന്ന കൊളീജിയം യോഗത്തിൽ ജില്ലാ ജഡ്ജിമാരായ ആർ. ശക്തിവേൽ, പി. ധനബൽ, ചിന്നസ്വാമി കുമരപ്പൻ, കെ. രാജശേഖർ എന്നിവരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി ശുപാർശചെയ്തു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..