ന്യൂഡൽഹി: ജമ്മു-കശ്മീരിലെ കുപ്‌വാര ജില്ലയിലെ കർണസെക്ടറിൽ നിയന്ത്രണരേഖയ്ക്കു സമീപം പുനർനിർമിച്ച മാതാ ശാരദാക്ഷേത്രം തുറന്നു. കേന്ദ്രഭരണപ്രദേശത്തെ പഴയ ഗംഗ-യമുന സംസ്കാരത്തിലേക്കും പാരമ്പര്യത്തിലേക്കും തിരികെ കൊണ്ടുപോവുകയാണ് ഇതിലൂടെയെന്ന് ഓൺലൈനിലൂടെ ക്ഷേത്രം ഉദ്ഘാടനംചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
പുതുവർഷത്തിന്റെ ശുഭാവസരത്തിൽ മാതാ ശാരദാക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുക്കുകയാണ്. നേരിട്ടെത്താൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും അടുത്തതവണത്തെ ജമ്മു-കശ്മീർപര്യടനത്തിൽ ക്ഷേത്രത്തിലെത്തുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ശാരദാപീഠം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിദ്യാഭ്യാസകേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്നു. ജമ്മു-കശ്മീരിൽ 123 മതകേന്ദ്രങ്ങളിൽക്കൂടി നവീകരണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ക്ഷേത്രങ്ങളും സൂഫികേന്ദ്രങ്ങളും പുതുക്കിപ്പണിയാൻ 65 കോടി അനുവദിച്ചതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
പാക് അധീന കശ്മീരിലെ ശാരദാപീഠ് ക്ഷേത്രത്തിലേക്കുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള തീർഥാടനത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരാതനക്ഷേത്രം പുനർനിർമിച്ചത്.
ശാരദാക്ഷേത്രം തുറന്നതിനെ പി.ഡി.പി. അധ്യക്ഷ മെഹബൂബ മുഫ്തി സ്വാഗതംചെയ്തു. നിയന്ത്രണരേഖയ്ക്കപ്പുറത്തേക്കുള്ള വ്യാപാരബന്ധവും വൈകാതെ പുനരാരംഭിക്കട്ടെയെന്ന് അവർ ആശംസിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..