ബെംഗളൂരു: മുൻ മുഖ്യമന്ത്രിയും കർണാടക ബി.ജെ.പി.യിലെ അതികായനുമായ ബി.എസ്. യെദ്യൂരപ്പയ്ക്കുമുമ്പിൽ അദ്ദേഹത്തിന്റെ മകൻ ബി.വൈ. വിജയേന്ദ്രയെ ചേർത്തുപിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിച്ച യെദ്യൂരപ്പ തന്റെമണ്ഡലമായ ശിക്കാരിപുരയിൽ വിജയേന്ദ്രയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനെതിരേ പാർട്ടിയിൽ എതിർപ്പുപടരുന്നതിനിടെയാണ് അമിത് ഷാ വെള്ളിയാഴ്ച യെദ്യൂരപ്പയുടെ വീട്ടിലെത്തി വിജയേന്ദ്രയെ ചേർത്തുപിടിച്ചത്. യെദ്യൂരപ്പയെ പാർട്ടിനേതൃത്വം പിണക്കില്ലെന്ന സൂചനയുമായി ഇത്.
തന്നെ സ്വീകരിച്ച് പൂച്ചെണ്ട് നൽകാനിരുന്ന യെദ്യൂരപ്പയോട് പൂച്ചെണ്ട് അടുത്തുനിന്ന വിജയേന്ദ്രക്ക് കൈമാറാൻ അമിത് ഷാ ആവശ്യപ്പെടുകയായിരുന്നു. യെദ്യൂരപ്പ കൈമാറിയ പൂച്ചെണ്ട് വിജയേന്ദ്രയുടെ കൈയിൽനിന്ന് വാങ്ങിയ അമിത് ഷാ അദ്ദേഹത്തെ ചേർത്തു നിർത്തി. തുടർന്ന് വേറൊരു പൂച്ചെണ്ട് യെദ്യൂരപ്പ അമിത് ഷായ്ക്ക് കൈമാറി.
പ്രഭാതഭക്ഷണം കഴിക്കാനിരുന്ന അമിത് ഷായ്ക്ക് വിജയേന്ദ്രയാണ് ഭക്ഷണം വിളമ്പിക്കൊടുത്തത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മന്ത്രിമാരായ ബി. ശ്രീരാമലു, ഗോവിന്ദ് കർജോൾ, സംസ്ഥാന പ്രസിഡന്റ് നളിൻകുമാർ കട്ടീൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ശിക്കാരിപുരയിലെ സ്ഥാനാർഥിയായി വിജയേന്ദ്രയുടെ പേര് യെദ്യൂരപ്പ പ്രഖ്യാപിച്ചതിനെ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി പരസ്യമായി വിമർശിച്ചിരുന്നു. ബി.ജെ.പി. യിൽ സ്ഥാനാർഥികളെ തീരുമാനിക്കുന്നത് നേതാക്കളുടെ അടുക്കളയിലല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..