അയോഗ്യതാനീക്കം മിന്നൽവേഗത്തിൽ; രാഹുല്‍ ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടിവരും


2 min read
Read later
Print
Share

ഹൈക്കോടതിയില്‍നിന്ന് ഇളവുലഭിച്ചില്ലെങ്കില്‍ ഉത്തരവ് വന്ന തീയതി മുതല്‍ ഒരുമാസത്തിനകം ഡല്‍ഹി തുഗ്ലക്ക് ലെയിനിലെ ബംഗ്ലാവ് ഒഴിയണമെന്ന് ഭവന നഗരവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രാഹുൽ പാർലമെന്റി്ൽ | PTI

ന്യൂഡൽഹി: രാഹുൽഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള തീരുമാനം മണിക്കൂറുകൾക്കുള്ളിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സൂറത്ത് കോടതി രാഹുലിനെതിരേ ശിക്ഷവിധിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രാഹുലിനെ ലോക്‌സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയ നടപടിയും പുറത്തുവന്നു. ധനകാര്യബിൽ ചർച്ചയില്ലാതെ പാസാക്കി സഭ പിരിഞ്ഞശേഷമാണ് ഉത്തരവ് പുറത്തിറങ്ങിയത്.

വെള്ളിയാഴ്ച രാവിലെ 11-ന് ലോക്‌സഭാ നടപടികൾ ആരംഭിക്കുമ്പോൾ രാഹുൽഗാന്ധി ലോക്‌സഭയിലുണ്ടായിരുന്നു. സഭാനടപടികൾ ആരംഭിക്കുന്നതിനുമുമ്പ് സഭയിലെത്തിയ രാഹുലും സോണിയയും ഡി.എം.കെ. നേതാവ് ടി.ആർ. ബാലു അടക്കമുള്ള പ്രതിപക്ഷനേതാക്കളുമായി ചർച്ചകൾ നടത്തി. തുടർന്ന് സഭാനടപടികൾ ആരംഭിച്ചപ്പോൾ അദാനിവിഷയമുയർത്തി പ്രതിപക്ഷം ബഹളംതുടങ്ങി. രാഹുലിനെ സംസാരിക്കാൻ അനുവദിക്കണമെന്നും നേതാക്കൾ സ്പീക്കറോട് ആവശ്യപ്പെട്ടു.

എന്നാൽ, പ്രതിപക്ഷത്തിന്റെ ആവശ്യം അവഗണിച്ച സ്പീക്കർ രണ്ടുമിനിറ്റിനുള്ളിൽ സഭാനടപടികൾ നിർത്തിവെച്ചു. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് സഭ ചേരുമ്പോൾ രാഹുലും സോണിയയും എത്തിയില്ല. 12.40-ന് സഭ പിരിഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ വിജയ് ചൗക്കിലേക്ക് പ്രതിഷേധപ്രകടനം നടത്തി. രണ്ടുമണിക്കൂർ കഴിയുമ്പോഴേക്ക് രാഹുലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറി ജനറലിന്റെ ഉത്തരവ് പുറത്തുവരുകയും ചെയ്തു.

ഔദ്യോഗിക ബംഗ്ലാവ് ഒഴിയേണ്ടിവരും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗത്വം റദ്ദാക്കപ്പെട്ട സാഹചര്യത്തില്‍ ഡല്‍ഹിയിലെ ഔദ്യോഗിക ബംഗ്ലാവ് രാഹുല്‍ഗാന്ധി ഒഴിയേണ്ടിവരുമെന്ന് അധികൃതര്‍.

ലോക്സഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ടതിനാല്‍, അദ്ദേഹത്തിന് സര്‍ക്കാര്‍വസതിയില്‍ തുടരാന്‍ അര്‍ഹതയില്ല. ഹൈക്കോടതിയില്‍നിന്ന് ഇളവുലഭിച്ചില്ലെങ്കില്‍ ഉത്തരവ് വന്ന തീയതി മുതല്‍ ഒരുമാസത്തിനകം ഡല്‍ഹി തുഗ്ലക്ക് ലെയിനിലെ ബംഗ്ലാവ് ഒഴിയണമെന്ന് ഭവന നഗരവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ലോക്സഭാ എം.പി.യായി തിരഞ്ഞെടുക്കപ്പെട്ടശേഷം 2004-ലാണ് രാഹുലിന് ബംഗ്ലാവ് അനുവദിച്ചത്. 2020 ജൂലായില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി വധേരയുടെ സുരക്ഷ വെട്ടിക്കുറച്ചതിനുപിന്നാലെ അവര്‍ക്കും ഡല്‍ഹി ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ഒഴിയേണ്ടിവന്നിരുന്നു.

അപ്രതീക്ഷിതപിന്തുണയുമായി മമത

കൊല്‍ക്കത്ത : കുറച്ചുകാലമായി കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും നേരെ നിശിതവിമര്‍ശനമുയര്‍ത്തിവരുകയായിരുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി അദ്ദേഹത്തിനു പിന്തുണയുമായെത്തി.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവുമൊടുവിലത്തെ തരംതാഴലാണ് രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ നടപടിയെന്ന് മമത പ്രതികരിച്ചു. ''ഇതാണ് പ്രധാനമന്ത്രി മോദിയുടെ പുതു ഇന്ത്യ. പ്രതിപക്ഷനേതാക്കളാണ് ഇവിടെ ഇരകള്‍. കുറ്റകൃത്യങ്ങളുടെ ചരിത്രമുള്ള ബി.ജെ.പി.ക്കാര്‍ മന്ത്രിസഭയില്‍ ഇരിക്കുന്നു. പ്രസംഗത്തിന്റെ പേരില്‍ പ്രതിപക്ഷനേതാക്കളെ അയോഗ്യരാക്കുന്നു'' -മമത വിമര്‍ശിച്ചു.

ജനാധിപത്യ ഇന്ത്യ എന്ന പ്രയോഗംതന്നെ വിരോധാഭാസമായി മാറിയെന്ന് തൃണമൂല്‍ അഖിലേന്ത്യാ ജനറല്‍സെക്രട്ടറി അഭിഷേക് ബാനര്‍ജിയും പറഞ്ഞു. 'ജനാധിപത്യത്തിന് ആത്മശാന്തി' -അദ്ദേഹം ട്വീറ്റുചെയ്തു.

മുഖംതിരിച്ചുനിന്ന പാര്‍ട്ടികളും അപലപിച്ചു

കോണ്‍ഗ്രസിനോടു മുഖംതിരിച്ചുനിന്ന പ്രതിപക്ഷപാര്‍ട്ടികളും രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയതിനെ അപലപിച്ചു. ഒരിക്കലും ന്യായീകരിക്കാനാവാത്ത നടുക്കമുണര്‍ത്തുന്ന നടപടിയാണിതെന്ന് കോണ്‍ഗ്രസിനോട് ശീതസമരത്തിലായ ആം ആദ്മി പാര്‍ട്ടിയുടെ നേതാവ് അരവിന്ദ് കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. രാജ്യം കഠിനകാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

രാജ്യചരിത്രത്തിലെ കരിദിനമെന്നാണ് ബി.ആര്‍.എസ്. നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര്‍ റാവു പ്രതികരിച്ചത്. നരേന്ദ്രമോദിയുടെ ധാര്‍ഷ്ട്യവും ഏകാധിപത്യശൈലിയും ഉച്ഛസ്ഥായിയിലായെന്നും അദ്ദേഹം ആരോപിച്ചു.

പണപ്പെരുപ്പം, തൊഴിലില്ലായ്മ, രാജ്യത്തെ കൊള്ളയടിക്കുന്ന ചങ്ങാതിമുതലാളി തുടങ്ങിയ വിഷയങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പി.യുടെ തന്ത്രമാണിതെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഇത്തരത്തിലാണ് ബി.ജെ.പി.യുടെ നടപടിയെങ്കില്‍ 70 ശതമാനം ജനപ്രതിനിധികളും അയോഗ്യരാക്കപ്പെടുമെന്ന് ബി.എസ്.പി. പാര്‍ലമെന്റംഗം കുന്‍വര്‍ ഡാനിഷ് അലി ആരോപിച്ചു.

പ്രതിപക്ഷനേതാക്കളെ അയോഗ്യരാക്കാന്‍ ബി.ജെ.പി. ഇപ്പോള്‍ ക്രിമിനല്‍ അപകീര്‍ത്തി മാര്‍ഗം ഉപയോഗിക്കുകയാണെന്നും തികച്ചും അപലപനീയമാണിതെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍, ഡി.എം.കെ. നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍, സി.പി.ഐ. നേതാവ് ബിനോയ് വിശ്വം, ശിവസേന (യു.ബി.ടി.) നേതാവ് പ്രിയങ്ക ചതുര്‍വേദി, ആര്‍.ജെ.ഡി. നേതാവ് മനോജ് ഝാ തുടങ്ങിയവരും രാഹുലിനെതിരായ നടപടിയെ അപലപിച്ചു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..