ന്യൂഡൽഹി: പാർട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങളെത്തുടർന്ന് മാറിനിൽക്കാമെന്നറിയിച്ച മുതിർന്നനേതാവ് ബി.വി. രാഘവുലുവിന്റെ രാജിക്കാര്യത്തിൽ സി.പി.എം. പൊളിറ്റ് ബ്യൂറോ ഞായറാഴ്ച നിർണായകതീരുമാനമെടുക്കും. ഒന്നരപ്പതിറ്റാണ്ടിലേറെ ആന്ധ്രാപ്രദേശിലെ സംസ്ഥാനസെക്രട്ടറിയായിരുന്ന രാഘവുലു ഉൾപ്പാർട്ടിത്തർക്കത്തെത്തുടർന്നാണ് കേന്ദ്രനേതൃത്വത്തെ രാജിസന്നദ്ധതയറിയിച്ചത്.
പി.ബി. അംഗംകൂടിയായ അദ്ദേഹത്തിന്റെ ആവശ്യം ശനിയാഴ്ച ഡൽഹിയിൽ ആരംഭിച്ച യോഗത്തിൽ ചർച്ചചെയ്തു. പദവിയൊഴിയാൻ ആരോഗ്യകാരണങ്ങൾ സൂചിപ്പിച്ച് രാഘവുലു നൽകിയ കത്ത് സ്വീകരിക്കണോയെന്നായിരുന്നു പ്രധാന ചർച്ച. രാഘവുലുകൂടി ഉൾപ്പെട്ട പാർട്ടിയിലെ ചില വിവാദങ്ങളും ചർച്ചയായി. എന്നാൽ, രാജിക്കാര്യത്തിൽ പൊതുധാരണയിലെത്താനായില്ലെന്നാണ് വിവരം. ഞായറാഴ്ച തീരുമാനമെടുക്കുമെന്നറിയുന്നു. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാകും തീരുമാനം സംബന്ധിച്ച പ്രസ്താവനയിറക്കുന്നത്. അതേസമയം, ഇതുസംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽനിന്ന് യെച്ചൂരി ഒഴിഞ്ഞുമാറി. വിവരങ്ങൾ ഞായറാഴ്ച യെച്ചൂരി അറിയിക്കുമെന്ന് രാഘവുലുവും പ്രതികരിച്ചു.
വയനാടും ചർച്ചയായി
സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും ശനിയാഴ്ചത്തെ പി.ബി. യോഗത്തിൽ ചർച്ചയായി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽനിന്ന് അയോഗ്യനാക്കിയ വിഷയം ഗൗരവത്തോടെ കാണമെന്ന് അഭിപ്രായമുയർന്നു. വയനാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് സാഹചര്യമുണ്ടാകുമോയെന്ന ചർച്ചകളും നടന്നു. സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതുസംബന്ധിച്ചും മറ്റുമുള്ള ചർച്ചകളുണ്ടായില്ലെന്നാണ് വിവരം. ബി.ജെ.പി.ക്കെതിരേ പ്രതിപക്ഷ ഐക്യവേദികളിൽ സജീവമാകാൻ തീരുമാനിച്ചു. പ്രതിപക്ഷവേദികൾ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണമെന്ന വികാരവും ആദ്യദിനത്തിലെ ചർച്ചകളിലുണ്ടായി.
മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടി സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ, എം.എ. ബേബി, എ. വിജയരാഘവൻ തുടങ്ങിയ നേതാക്കൾ പി.ബി. യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..