ചെങ്കോട്ടയിൽ പ്രതിഷേധം തടഞ്ഞു; കോൺഗ്രസ് നേതാക്കളെയും എം.പി.മാരെയും വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു


2 min read
Read later
Print
Share

Photo: Reuters

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ചെങ്കോട്ടയിൽനിന്ന് ചാന്ദ്‌നി ചൗക്കിലേക്ക് ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി കോൺഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനം പോലീസ് തടഞ്ഞു. വിലക്കു ലംഘിച്ച് ബാരിക്കേഡും കടന്നുനീങ്ങിയ മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

എം.പി.മാരെ പോലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തത് അല്പസമയം സംഘർഷാവസ്ഥ സൃഷ്ടിച്ചു. മുതിർന്ന നേതാക്കളായ പി. ചിദംബരം, ജെ.പി. അഗർവാൾ, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ തുടങ്ങി നൂറോളം നേതാക്കളെ കിങ്‌സ്‌വേ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. ജെബി മേത്തറിനെയും പ്രതാപനെയും ഡീനിനെയും വലിച്ചിഴച്ചാണ് പോലീസ് വണ്ടിയിൽ കയറ്റിയത്. നൂറുകണക്കിന് പ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത് ഡൽഹി അതിർത്തിയിലെ വിവിധ സ്റ്റേഷനുകളിലെത്തിച്ചു.

നേതാക്കളായ കെ.സി. വേണുഗോപാൽ, ജയറാം രമേഷ്, അധീർ രഞ്ജൻ ചൗധരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. അനുമതി നിഷേധിച്ച പോലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ സംഘർഷസാധ്യത മുന്നിൽക്കണ്ട് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയടക്കമുള്ള നേതാക്കളോട് പങ്കെടുക്കേണ്ടെന്നഭ്യർഥിച്ചതിനാൽ അവർ മാറിനിന്നതായി വേണുഗോപാൽ പറഞ്ഞു. പ്രതിഷേധക്കാരുടെ കൈയിലുള്ള തീപ്പന്തം പോലീസ് അണച്ചു. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനാലാണ് പന്തംകൊളുത്തി പ്രകടനം വിലക്കിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് എത്ര തടഞ്ഞാലും രാഹുലിന്റെ അയോഗ്യതയും അദാനി-മോദി ബന്ധവും ഉയർത്തി സമരം തുടരുമെന്ന് വേണുഗോപാൽ പറഞ്ഞു. ബുധനാഴ്ച രാവിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്. പ്രതിപക്ഷ കക്ഷികളുടെ യോഗം ഖാർഗെയും വിളിച്ചിട്ടുണ്ട്.

ഒരുമാസം നീളുന്ന സത്യാഗ്രഹ സമരത്തിന് കോൺഗ്രസ്

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ കോൺഗ്രസ് ഏപ്രിൽ 30-വരെ നീളുന്ന ‘ജയ് ഭാരത് സത്യാഗ്രഹ’ പരിപാടി പ്രഖ്യാപിച്ചു. മാർച്ച് 29-വരെ 35 നഗരങ്ങളിൽ പത്രസമ്മേളനങ്ങൾ നടത്തും. ജില്ലാ-ബ്ലോക്ക് തലങ്ങളിലും പി.സി.സി.കൾ പത്രസമ്മേളനങ്ങൾ നടത്തും. 29- മുതൽ ഏപ്രിൽ എട്ടുവരെ ബ്ലോക്ക്-മണ്ഡലം കമ്മിറ്റികൾ ജയ് ഭാരത് സത്യാഗ്രഹം നടത്തും. ബുധനാഴ്ച എസ്.സി., എസ്.ടി., ന്യൂനപക്ഷ, ഒ.ബി.സി. സെല്ലുകൾ എല്ലാ അംബേദ്കർ-ഗാന്ധി പ്രതിമയ്ക്കരികിലും പ്രതിഷേധിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുൽ ഗാന്ധിയുടെ സന്ദേശം എത്തിക്കും. 31-ന് ജില്ലാ ആസ്ഥാനങ്ങളിൽ മുതിർന്ന നേതാക്കളുടെ പത്രസമ്മേളനം. ഏപ്രിൽ ഒന്നിന് ബ്ലോക്ക്-മണ്ഡലം തലങ്ങളിൽ പത്രസമ്മേളനം, അംബേദ്കർ-ഗാന്ധി പ്രതിമയ്ക്കുകീഴിൽ പ്രതിഷേധം. മൂന്നിന് എൻ.എസ്.യു.ഐ.യും യൂത്ത് കോൺഗ്രസും ജനകീയ പ്രശ്നങ്ങളുന്നയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡയക്കും. മഹിളാ കോൺഗ്രസ് ഡൽഹിയിൽ പ്രതിഷേധിക്കും. 15 മുതൽ 20 വരെ ജില്ലാതലങ്ങളിൽ ജയ്ഭാരത് സത്യാഗ്രഹം. 20 മുതൽ 30 വരെ എല്ലാ പി.സി.സി.കളും ജയ്ഭാരത് സത്യാഗ്രഹം നടത്തും. ഇതിന് സമാനമനസ്കരായ പാർട്ടിക്കാരെയും പൗരപ്രമുഖരെയും ഉൾക്കൊള്ളിക്കും. ദേശീയതലത്തിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടിയും ഉണ്ടാവും.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..