Photo: Reuters
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അയോഗ്യത, മോദി-അദാനി ബന്ധം എന്നിവ ഉയർത്തി പാർലമെന്റിൽ കറുത്ത വസ്ത്രങ്ങളണിഞ്ഞ് പ്രതിപക്ഷപ്രതിഷേധം തുടർന്നതോടെ ഇരുസഭയും തിങ്കളാഴ്ചവരെ പിരിഞ്ഞു. ഇതിനിടയിൽ കോംപറ്റീഷൻ (ഭേദഗതി) ബിൽ ചർച്ചകൂടാതെ പാസാക്കി. വനസംരക്ഷണ ഭേദഗതിബിൽ 19 അംഗ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി.) വിട്ടു. ബില്ലവതരണത്തെ ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. എതിർത്തു.
ലോക്‌സഭ രാവിലെ ചേർന്നയുടൻ പ്രതിപക്ഷാംഗങ്ങൾ മോദി-അദാനി ബന്ധം സൂചിപ്പിക്കുന്ന പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി ജെ.പി.സി. അന്വേഷണം ആവശ്യപ്പെട്ടു. അധ്യക്ഷക്കസേരയിലുണ്ടായിരുന്ന ഭർതൃഹരി മഹ്താബ്, സഭ 12 വരെ നിർത്തിവെച്ചു. വീണ്ടും ചേർന്നപ്പോഴും പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യംവിളികളുമായി നടുത്തളത്തിലിറങ്ങി. ഈ സമയം വനംമന്ത്രി ഭൂപേന്ദർ യാദവ് വനസംരക്ഷണ ഭേദഗതി ബിൽ അവതരിപ്പിച്ച് ജെ.പി.സി.ക്ക് വിട്ടു. പിന്നാലെ കോംപറ്റീഷൻ ബിൽ ചർച്ചകൂടാതെ പാസാക്കി. ഏഴുമാസംമുമ്പ് സഭയിൽ അവതരിപ്പിച്ച ബില്ലാണിത്. കമ്പനികളുടെ പ്രസക്തമായ വിപണിവിറ്റുവരവ് അനുസരിച്ചുമാത്രം പിഴചുമത്തുന്ന നിലവിലുള്ള രീതിക്കുപകരം ആഗോളവിറ്റുവരവ് പരിഗണിക്കുന്നതിന് കോംപറ്റീഷൻ കമ്മിഷന് അധികാരം നൽകുന്നതാണ് ഭേദഗതി. ബിൽ രാജ്യസഭയും പാസാക്കിയതോടെ ഇനി രാഷ്ട്രപതി ഒപ്പിട്ട് ഗസറ്റിൽ പ്രസിദ്ധീകരിച്ചാൽ നിയമമാവും. രാമനവമിയും നവരാത്രിയും പ്രമാണിച്ച് വ്യാഴവും വെള്ളിയും അവധി നൽകി പിന്നാലെ സഭ പിരിഞ്ഞു.
രാജ്യസഭയുടെ തുടക്കത്തിൽ പ്രതിപക്ഷബഹളംകാരണം ഉച്ചയ്ക്ക് രണ്ടുവരെ അധ്യക്ഷൻ ജഗ്ദീപ് ധൻകർ നിർത്തിവെച്ചു. വീണ്ടും ചേർന്നപ്പോൾ ബഹളത്തിനിടെ കോംപറ്റീഷൻ ബിൽ പാസാക്കി. വനസംരക്ഷണ ഭേദഗതി ബില്ലിലേക്കുള്ള സംയുക്ത പാർലമെന്ററി സമിതിയിലേക്കുള്ള അംഗങ്ങളുടെ പേരുകളടങ്ങിയ പ്രമേയം പാസാക്കാനായി വനംമന്ത്രി അവതരിപ്പിച്ചു. അശോക് ബാജ്‌പേയി, അനിൽ ബലൂനി, സമീർ ഒറാവോൺ, സി.എം. രമേഷ് (എല്ലാവരും ബി.ജെ.പി.), ജവഹർ സർക്കാർ (തൃണമൂൽ), പ്രശാന്ത നന്ദ (ബി.ജെ.ഡി.), ഹിഷി ലച്ചൂംപ (എസ്.ഡി.എഫ്.), ബീരേന്ദർ പ്രസാദ് ബൈഷ്യ (എ.ജി.പി.) എന്നിവരെ ശബ്ദവോട്ടോടെ അംഗീകരിച്ചശേഷം സഭ പിരിഞ്ഞു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗവും മല്ലികാർജുൻ ഖാർഗെയുടെ മുറിയിൽ പ്രതിപക്ഷപാർട്ടികളുടെ യോഗവും ചേർന്നശേഷമാണ് എല്ലാവരും സഭയിലെത്തിയത്.
രാഹുൽ പാർലമെന്റ് ഓഫീസിലെത്തി
അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച പാർലമെന്റ് സമുച്ചയത്തിലെ പാർട്ടിഓഫീസിലെത്തി പാർലമെന്ററിപാർട്ടിയോഗത്തിൽ പങ്കെടുത്തു. സവർക്കർ വിവാദത്തിൽ ശിവസേന (യു.ബി. ടി.) എം.പി. സഞ്ജയ് റാവുത്തുമായും അദ്ദേഹം ചർച്ചനടത്തി. എന്നാൽ, മാധ്യമങ്ങളോട് സംസാരിക്കാൻ രാഹുൽ തയ്യാറായില്ല. പിന്നീട് സോണിയാഗാന്ധിയോടൊപ്പം ഉച്ചഭക്ഷണത്തിനായി പുറപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..