PP Mohammed Faizal | Photo: Mathrubhumi
ന്യൂഡൽഹി: ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ നടപടി ലോക്‌സഭാ സെക്രട്ടേറിയറ്റ് പിൻവലിച്ചു.
അയോഗ്യതയ്ക്കെതിരായ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കുന്നതിനു തൊട്ടുമുമ്പായാണ് അംഗത്വം പുനഃസ്ഥാപിച്ചത്. തുടർന്ന്, ഫൈസലിന്റെ അഭിഭാഷകൻ എ.എം.സിഗ്വി ഹർജി പിൻവലിച്ചു. വിജ്ഞാപനം ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ചിനു കൈമാറി ഹർജി തീർപ്പാക്കി. ബുധനാഴ്ച മുഹമ്മദ് ഫൈസൽ ലോക്‌സഭയിലുമെത്തി.
ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ച കേരള ഹൈക്കോടതി നടപടിക്കെതിരേ ലക്ഷദ്വീപ് നൽകിയ ഹർജി പരിഗണിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഹർജിയിലെ കോടതിതീരുമാനങ്ങൾ ഫൈസലിന്റെ എം.പി. സ്ഥാനത്തിന് ബാധകമായിരിക്കുമെന്ന് പുതിയ വിജ്ഞാപനത്തിൽ പറയുന്നു.
മുൻ കേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ സംഘംചേർന്ന് ആക്രമിച്ചുകൊല്ലാൻ ശ്രമിച്ചെന്നായിരുന്നു മുഹമ്മദ് ഫൈസലിന്റെ പേരിലുള്ള കേസ്. കേസിൽ രണ്ടാംപ്രതിയായ അദ്ദേഹത്തെ കവരത്തി സെഷൻസ് കോടതി പത്തുവർഷം തടവിനു ശിക്ഷിക്കുകയായിരുന്നു. വൈകിലഭിച്ച നീതിയെന്ന് ഫൈസൽ
അംഗത്വം നഷ്ടപ്പെട്ട് രണ്ടുമാസത്തിനുശേഷമാണ് ഫൈസൽ സഭയിലെത്തിയത്. വൈകിലഭിച്ച നീതി നീതിനിഷേധമാണെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേത്തന്നെ പൂർത്തിയാക്കേണ്ട നടപടി കരുതിക്കൂട്ടി വൈകിപ്പിക്കുകയായിരുന്നു. എതിർശബ്ദങ്ങളെ പുറത്തുനിർത്തുന്ന നടപടിയാണിതെന്നും ഫൈസൽ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..