മുംബൈ: വിമാനത്തിനുള്ളിൽ മദ്യലഹരിയിൽ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ സ്വീഡിഷ് പൗരൻ അറസ്റ്റിൽ. വ്യാഴാഴ്ച ബാങ്കോക്കിൽനിന്നുള്ള മുംബൈ വിമാനത്തിലായിരുന്നു സംഭവം. 63-കാരനായ എറിക് ഹെറാൾഡ് ജോനാസ് വെസ്റ്റ്ബർഗിനെയാണ് അറസ്റ്റുചെയ്തത്. മുംബൈയിൽ എത്തിയയുടൻ വിമാനജീവനക്കാർ ഇയാളെ പോലീസിന് കൈമാറുകയായിരുന്നു. ഭക്ഷണം വിളമ്പുന്ന സമയത്തായിരുന്നു ഇയാൾ 24-കാരിയായ ജീവനക്കാരിയോട് മോശമായി പെരുമാറിയത്. ഭക്ഷണം നൽകിയശേഷം പി.ഒ.എസ്. മെഷീനിൽ കാർഡ് സ്വൈപ്പ് ചെയ്യാനെന്ന വ്യാജേന ഇയാൾ ശരീരത്തിൽ സ്പർശിച്ചെന്നാണ് യുവതിയുടെ പരാതി. എതിർത്തപ്പോൾ ഇയാൾ എഴുന്നേറ്റ് മറ്റ് യാത്രക്കാരുടെ മുന്നിൽവെച്ച് വീണ്ടും അപമര്യാദയായി പെരുമാറിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
അതേസമയം, യുവതിയുടെ ആരോപണങ്ങൾ തള്ളി എറിക്കിന്റെ അഭിഭാഷകൻ രംഗത്തെത്തി. എറിക്കിന് വാർധക്യസഹജമായ രോഗങ്ങളുണ്ട്. മറ്റുള്ളവരുടെ സഹായമില്ലാതെ ഒന്നുംചെയ്യാൻ സാധിക്കില്ല. പി.ഒ.എസ്. മെഷീനിൽ കാർഡ് സ്വൈപ്പ് ചെയ്യാൻ ശ്രമിക്കുമ്പോൾ അറിയാതെ എയർഹോസ്റ്റസിന്റെ കൈയിൽ സ്പർശിക്കുകയായിരുന്നു. ലൈംഗിക ഉദ്ദേശ്യത്തോടെ ജീവനക്കാരിയുടെ ശരീരത്തിൽ തൊട്ടിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു. അന്ധേരി കോടതിയിൽ ഹാജരാക്കിയ എറിക് ഹെറാൾഡ് ജോനാസിനെ വെള്ളിയാഴ്ച ജാമ്യത്തിൽവിട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..