കോണ്ട്രോസ്റ്റീരിയം പർപ്യൂരിയം | Photo:twitter.com/FOX29, wikipedia.org
കൊൽക്കത്ത: സസ്യങ്ങളെ ബാധിക്കുന്ന മാരകമായ ഫംഗസ് മനുഷ്യരിലേക്കും പടരാമെന്നതിന്റെ ആദ്യ ഉദാഹരണം കൊൽക്കത്തയിൽ കണ്ടെത്തി. കുമിൾവർഗങ്ങളെയും പൂപ്പലിനെയുമൊക്കെപ്പറ്റി പഠിക്കുന്ന ശാസ്ത്രജ്ഞനിലാണ് (മൈക്കോളജിസ്റ്റ്) ഫംഗസ്ബാധ കണ്ടെത്തിയത്. രണ്ടുവർഷത്തെ ചികിത്സയ്ക്കും പഠനത്തിനും ശേഷമാണ് ഇതിനു ഡോക്ടർമാർ സ്ഥിരീകരണം നൽകിയത്.
ലോകത്തുതന്നെ ആദ്യമായാണ് മനുഷ്യനിൽ ഫംഗസ്ബാധ സ്ഥിരീകരിക്കുന്നത്. ആരോഗ്യമേഖലയിലെ വിദഗ്ധരിൽ ഇത് കടുത്ത ആശങ്കയ്ക്കും കാരണമായി.
ശബ്ദത്തിൽ ഇടർച്ച, ചുമ, ക്ഷീണം, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളെത്തുടർന്നാണ് അറുപത്തിയൊന്നുകാരനായ ശാസ്ത്രജ്ഞൻ ചികിത്സതേടിയത്. ജോലിയുടെ ഭാഗമായി സ്ഥിരമായി കൂണുകളും പൂപ്പലുകളുമൊക്കെ കൈകാര്യം ചെയ്യുന്ന ഇദ്ദേഹത്തിന് പ്രമേഹം, വൃക്കരോഗം, എച്ച്.ഐ.വി. ബാധ എന്നിവയോ പഴകിയ മറ്റേതെങ്കിലും അസുഖമോ ഉണ്ടായിരുന്നില്ല. വിശദപരിശോധനയിലാണ് സസ്യങ്ങളിൽ ‘വെള്ളിയില ബാധ’ സൃഷ്ടിക്കുന്ന ‘കോൺഡ്രോസ്റ്റിറിയം പുർപ്യൂറിയം’ എന്ന ഫംഗസാണ് അസുഖകാരണം എന്നു കണ്ടെത്തിയത്. കൊൽക്കത്ത അപ്പാളോ മൾട്ടി സ്പെഷ്യലിസ്റ്റ് ആശുപത്രി ഗവേഷകരായ ഡോ. സോമദത്തയും ഡോ. ഉജ്ജയിനി റായിയും ഇക്കാര്യം സ്ഥിരീകരിച്ചു. കേസിനെപ്പറ്റിയുള്ള ഇവരുടെ പഠന നിരീക്ഷണങ്ങൾ ‘മെഡിക്കൽ മൈക്കോളജി കേസ് റിപ്പോർട്സ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സൂക്ഷ്മദർശിനി പരിശോധന, കൾച്ചറിങ് തുടങ്ങിയ പരമ്പരാഗത രീതികളിലൂടെ അസുഖകാരണമായ പാത്തോജന്റെ യഥാർഥസ്വഭാവം കണ്ടെത്താനായില്ലെന്ന് ഡോക്ടർമാർ പറയുന്നു. തുടർന്ന് ശ്രേണീകരണത്തിലൂടെയാണ് ഇത് സ്ഥിരീകരിച്ചത്. സസ്യങ്ങളെ ബാധിക്കുന്ന പൂപ്പൽ മനുഷ്യരിലേക്കും പടരുമെന്നതാണ് ഇത് തെളിയിക്കുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. അസുഖബാധിതന്റെ തൊണ്ടയിൽ ഉണ്ടായ തടിപ്പ് ശസ്ത്രക്രിയയിലൂടെ മാറ്റി. രോഗി ഇപ്പോൾ ആരോഗ്യവാനാണെന്നും അസുഖം ആവർത്തിച്ചതിന്റെ ലക്ഷണമില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..