: ‘എത്ര സങ്കടമുണ്ടായാലും ചിരിക്കണം. കരഞ്ഞിരുന്നാൽ ആരും അടുത്തുവരില്ല. സഹതപിച്ച് മാറിപ്പോവുകയേ ഉള്ളൂ. കരഞ്ഞതുകൊണ്ട് ഒന്നും നേടാനുമില്ല’ - അപകടത്തിൽപ്പെട്ട് ആറുമാസം അനക്കമില്ലാതെ ആശുപത്രിക്കിടക്കയിൽ കിടന്ന് ജീവിതവിജയത്തിലേക്ക് പിച്ചവച്ചുകയറിയ ഋചീക് നായരുടെ വാക്കുകളാണിത്. നഷ്ടപ്പെട്ടുവെന്നു കരുതിയിടത്തുനിന്ന് ജീവിതം തിരിച്ചുപിടിച്ച മനക്കരുത്തിന്റെ കഥകൂടിയാണ് നവിമുംബൈയിലെ ഉൾവയിൽ താമസിക്കുന്ന ഋചീകിന്റേത്.
നെരൂളിലെ ന്യൂ ബോംബെ കേരളീയസമാജത്തിലെ പാട്ടരങ്ങ് വേദിയിൽ പാട്ടുകാരനായാണ് ഋചീകിനെ ആദ്യം കാണുന്നത്. കണ്ടുമുട്ടിയപ്പോഴെല്ലാം ആ മുഖത്ത് നിറഞ്ഞ, നിഷ്കളങ്കമായ ചിരിയായിരുന്നു. തളർന്നുകിടക്കുന്ന വലതുകൈയിൽ തൊട്ടാൽ മഞ്ഞുകാലത്തിന്റെ തണുപ്പാണ്. മടക്കാൻ ബലമില്ലെങ്കിലും ഇതേ കൈകൊണ്ട് പഞ്ചപിടിക്കാൻ വരെ ഋചീക് തയ്യാർ!
എരുമേലി ചേനപ്പാടി കുറ്റിക്കാട്ടുവീട്ടിൽ അനിൽപ്രകാശിന്റെയും മിനിയുടെയും ഏക മകനാണ് ഋചീക്. റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്ന അനിൽപ്രകാശ് മുംബൈയിലെ മലയാളികൂട്ടായ്മകളിൽ സജീവമാണ്. സന്തോഷം നിറഞ്ഞുനിന്ന ആ കുടുംബത്തിലേക്ക് 2011 സെപ്റ്റംബറിൽ ആശങ്കകളുടെ ദുരിതകാലം നിറച്ച് നിനച്ചിരിക്കാതെ ഒരപകടം കടന്നെത്തി. ഋചീകിനന്ന് 19 വയസ്സ്. പ്ലസ് ടു കടന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിന് പ്രവേശനം ലഭിച്ചത് പുണെയിലെ മറാത്ത്‌വാഡ മിത്ര മണ്ഡൽ എൻജിനിയറിങ് കോളേജിലായിരുന്നു. ആഗ്രഹംപോലെ വീടുവിട്ട് ഹോസ്റ്റലിൽ താമസിക്കാൻ കിട്ടിയ അവസരം. ഒപ്പം മൂന്നു സുഹൃത്തുക്കൾ.
2011 സെപ്റ്റംബർ 23. ഹോസ്റ്റലിലെ കൂട്ടുകാരൻ നാട്ടിൽപോകുകയായിരുന്നു. അവന് ബസ് കിട്ടാൻ വൈകി. സുഹൃത്തിന്റെ ബൈക്കെടുത്ത് ബസ് സ്റ്റാൻഡിൽ കൊണ്ടാക്കാൻ പറഞ്ഞപ്പോൾ ആവേശമായിരുന്നു. ബൈക്ക് ഓടിക്കാൻ കിട്ടുന്ന അപൂർവനിമിഷം. സന്തോഷാതിരേകത്താൽ ഹെൽമെറ്റും മൊബൈലും എടുക്കാതെ ഓടുകയായിരുന്നു. സുഹൃത്തിനെ ബസ്‌സ്റ്റാൻഡിലാക്കി മടങ്ങി. ഹോസ്റ്റലിലേക്ക് അഞ്ചുമിനിറ്റ് ദൂരംമാത്രം.
’കോമ’യിലാക്കിയ ദുരന്തം
പിന്നിൽനിന്ന് ഏതോ വാഹനം ബൈക്കിൽ തട്ടി. നിയന്ത്രണംവിട്ട് എതിരേ വന്ന ഓട്ടോറിക്ഷയിലിടിച്ചു. തലയുടെ പിന്നിലായിരുന്നു ഇടി. അതുമാത്രമേ ഋചീകിന് ഇന്നും ഓർമയുള്ളൂ. റോഡിൽ വീണയുടൻ ബോധം മറഞ്ഞു. ആ ഓട്ടോഡ്രൈവർ തന്നെ ഋചീകിനെ അടുത്തുള്ള ജനറൽ ആശുപത്രിയിലെത്തിച്ചു. ആരെന്നറിയാത്ത ഒരാൾക്ക് അടിയന്തരമായി ലഭിക്കേണ്ട ചികിത്സകൾ പരിമിതമായിരുന്നു. ബന്ധുക്കളെ അറിയിക്കാൻ ഓട്ടോഡ്രൈവറുടെ കൈവശം വിവരങ്ങളൊന്നുമില്ല. എങ്കിലും അദ്ദേഹം ബന്ധുക്കൾക്കായി കാത്തിരുന്നു.
അതിനിടയിൽ ഋചീകിനെ മുറിയിൽ കാണാതെ സുഹൃത്തുക്കൾ അന്വേഷണം തുടങ്ങി. വീട്ടിലേക്കു പോയ സുഹൃത്തിനെ വിളിച്ചു. ഋചീക് ഹോസ്റ്റലിലേക്കു മടങ്ങിയെന്നായിരുന്നു മറുപടി. അവർക്ക് അപകടം മണത്തു. പുറത്തിറങ്ങി ബസ്‌സ്റ്റാൻഡിലേക്കുള്ള വഴിയിൽ കുറച്ചുദൂരം പിന്നിട്ടപ്പോൾ ആൾക്കൂട്ടം. ബൈക്ക് കണ്ടതോടെ കാര്യം മനസ്സിലായി. അവർ ആശുപത്രിയിലേക്കോടി. ഋചീകിന്റെ അച്ഛന്റെ ചേട്ടന്റെ മകൻ ഗോഗിൻ പുഷ്പലാൽ അപ്പോൾ പുണെയിലുണ്ടായിരുന്നു. ഗോഗിനെയാണ് കൂട്ടുകാർ വിവരമറിയിച്ചത്. ഓടി ആശുപത്രിയിലെത്തിയപ്പോൾ ഋചീകിന് അനക്കമുണ്ടായിരുന്നില്ല.
ഗോഗിൻ ഗൾഫിലുള്ള അച്ഛനോട് വിവരംപറഞ്ഞു. നല്ലചികിത്സകിട്ടുന്ന ആശുപത്രിയിലേക്കു മാറ്റാൻ പറഞ്ഞപ്പോൾ ഋചീകിനെ ആദിത്യ ബിർള മെമ്മോറിയൽ ആശുപത്രിയിലാക്കി. അതിനുശേഷമാണ് മുംബൈയിലുള്ള അനിൽപ്രകാശിനെ വിവരമറിയിച്ചത്. ഋചീകിന് ബോധമില്ലെന്ന് അറിഞ്ഞതോടെ ആ മനസ്സാകെ മരവിച്ചു. മുംബൈയിലുണ്ടായിരുന്ന ഇളയസഹോദരനൊപ്പം ഉടൻ അവർ പുണെയിലെത്തി. രണ്ടാംദിവസം ഗൾഫിൽനിന്ന് പുഷ്പലാൽ വന്നു. അദ്ദേഹമായിരുന്നു ഋചീകിന്റെ ചികിത്സകളുടെ കാര്യം തുടക്കത്തിൽ നോക്കിയിരുന്നത്. തുടർന്ന് നാട്ടിൽനിന്ന് സഹോദരങ്ങളടക്കം ബന്ധുക്കൾ ഓരോന്നായി ഇടവിട്ടെത്തി അനിൽപ്രകാശിനൊപ്പം നിന്നു.
വെന്റിലേറ്ററിലായിരുന്ന ഋചീകിന്റെ കാര്യത്തിൽ ഡോക്ടർമാർക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നില്ല. 15 ദിവസത്തിനുശേഷം റെയിൽവേയുടെ റഫറൽ ആശുപത്രിയായ പുണെയിലെ കെ.ഇ.എം. ആശുപത്രിയിലേക്കു മാറ്റി. അവിടെ ഐ.സി.യു.വിൽ അഞ്ചുമാസം കിടന്നു. ഡോ. പ്രദീപ് ഡികോസ്റ്റയുടെ നേതൃത്വത്തിലായിരുന്നു ചികിത്സ. റെയിൽവേ യൂണിയൻ നേതാവായിരുന്ന അന്തരിച്ച പി.ആർ. മേനോൻ ഇക്കാലത്ത് ഈ കുടുംബത്തിനു നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.
ഉയിർപ്പ്...
2012 മാർച്ച് 24. അന്ന് അമ്മ മിനി ആശുപത്രിയിലെത്താൻ അല്പം വൈകി. സമയനിഷ്ഠയിൽ ഏറെ ശ്രദ്ധിച്ചിരുന്ന ഋചീകിന് അതിഷ്ടമായില്ല. മുറിയിലെ ക്ലോക്കിൽ സമയം കടന്നുപോയപ്പോൾ മനസ്സിൽ ദേഷ്യമായി. അമ്മയെത്തിയപ്പോൾ മുഖത്തേക്കു നോക്കിയില്ല. ആശ്വസിപ്പിക്കാൻ പലതും പറഞ്ഞിട്ടും അവൻ അടുക്കുന്നില്ല. ‘മോനൊരു ഉമ്മ തരട്ടെയെന്ന’ ചോദ്യം അവനിൽ ദേഷ്യംകൂട്ടി. അവൻ ‘വേണ്ട’ എന്നു പറഞ്ഞു. ആറുമാസക്കാലമായി വറ്റിവരണ്ടുകിടന്ന തൊണ്ടയിൽനിന്നുതിർന്ന ആദ്യവാക്ക്. അനിലിനും മിനിക്കും ചികിത്സിക്കുന്ന ഡോക്ടർമാർക്കും ആശുപത്രിയിൽ എപ്പോഴും കൂടെനിന്നിരുന്ന മലയാളി നഴ്സുമാർക്കും പ്രതീക്ഷയുടെ പുതുനാമ്പായി അത്. അവർ പലതുംപറഞ്ഞ് തുടർവാക്കുകൾ തേടിക്കൊണ്ടിരുന്നു. അങ്ങനെ, ‘അമ്മയുടെ മോനല്ലേ...’ എന്ന മിനിയുടെ ചോദ്യത്തിൽ ‘അല്ല’ എന്ന വാക്കുകൂടി പുറത്തെത്തി.
വെല്ലുവിളി വാനോളം...
അവൻ സംസാരിച്ചത് പ്രതീക്ഷയായെങ്കിലും തിരികെ ജീവിതത്തിലേക്കു നടത്തിക്കുക ശ്രമകരമായിരുന്നു. അതിനുവേണ്ടിയായി പിന്നെ ആ അച്ഛന്റെയും അമ്മയുടെയും ശ്രമം. കുടുംബം ഒന്നാകെ കൂടെനിന്നു. ആറുമാസം ഒരേകിടപ്പിലായിരുന്നതിനാൽ ഇതിനകം പേശികളെല്ലാം ക്ഷയിച്ച് ചലനമറ്റിരുന്നു. ഇരുകൈകളും മടങ്ങിയ നിലയിൽ. കിടക്കയിൽനിന്ന് ഉയർത്തിയാൽ ശരീരമൊന്നാകെ പൊങ്ങിപ്പോരും. കാലിനു ചലനശേഷിയില്ല. ചികിത്സകൾ തുടർന്നു. മുംബൈയിലെ വീട്ടിലേക്കു മടങ്ങി. ബേലാപ്പുർ എം.ജി.എമ്മിലെ വിമൽകുമാറിന്റെ നേതൃത്വത്തിൽ ഫിസിയോതെറാപ്പി ചെയ്തു. മാറ്റങ്ങളുണ്ടായെങ്കിലും ചലനശേഷി തിരിച്ചുകിട്ടിയില്ല. ഇവരുടെ കുടുംബ ഹോമിയോ ഡോക്ടർ ഇന്ദിരാദേവിയും ഋചീകിനെ എഴുന്നേൽപ്പിക്കാൻ ഒപ്പം നിന്നു.
പിന്നീടുള്ള അഭയം ആയുർവേദമായിരുന്നു. ഷൊർണൂരുള്ള കേരളീയ ആയുർവേദസമാജത്തിന്റെ തിരുവനന്തപുരം ശാഖയിൽ ഡോ. രാജഗോപാലിന്റെ നേതൃത്വത്തിൽ ചികിത്സ തുടങ്ങി. ആറുമാസം കൂടുമ്പോൾ ഒരുമാസം ആശുപത്രിയിൽ കിടന്നുള്ള ചികിത്സ. അങ്ങനെ മൂന്നുവർഷം. അവൻ എഴുന്നേറ്റു. സാവധാനം നടന്നു. ഒരു കൈ സാധാരണരീതിയിൽ ഉപയോഗിക്കാനായി. പേശികൾ നശിച്ചതുമൂലം വലതുകൈ മടക്കാനാകില്ല. എങ്കിലും എന്തെങ്കിലും ബലമായി പിടിക്കാൻ ആ കൈയ്ക്കു കരുത്തുണ്ട്. ആ കൈകൊണ്ട് പഞ്ചഗുസ്തിയിൽ ഒരുകൈനോക്കാനും ഋചീക് തയ്യാർ...!
വീണ്ടും പഠനം
അപകടത്തിനുമുമ്പ് പാട്ടും നാടകവും പ്രസംഗവുമൊന്നും ഋചീകിന് അത്ര ഇഷ്ടമായിരുന്നില്ല. ‘രണ്ടാം ജൻമ’ത്തിൽ പക്ഷേ, പാട്ടുകൾ ആ മനസ്സിന് വലിയ സാന്ത്വനമായി. അങ്ങനെ മൂളിപ്പാട്ടു പാടി സാവധാനം ചെറിയ വേദികളിലേക്കു കയറി. ആ തിരിച്ചുനടത്തത്തിൽ ന്യൂ ബോംബെ കേരളീയസമാജത്തിന്റെയും മുംബൈയിലെ മറ്റു മലയാളി കൂട്ടായ്മകളുടെയും സഹകരണം നിർണായകമായിരുന്നു.
വലതുകൈയുടെ ശീലങ്ങൾ അവൻ ഇടതുകൈയെ പഠിപ്പിച്ചെടുത്തു. മെക്കാനിക്കൽ എൻജിനിയറിങ്ങിനോടായിരുന്നു താത്പര്യമെങ്കിലും അതു പ്രായോഗികമായിരുന്നില്ല. നെരൂളിലെ എസ്.ഐ.ഇ.എസ്. കോളേജിൽ പ്രിന്റിങ് ആൻഡ് പാക്കേജിങ് വിഷയത്തിൽ എൻജിനിയറിങ്ങിനു ചേർന്നു. പക്ഷേ തുടരാനായില്ല. തന്റെ സഹപാഠിയുടെ അമ്മയും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. സൽമ പ്രഭു ഇവിടെ ആശ്വാസവുമായെത്തി. ജേണലിസം, അഡ്വർടൈസിങ്, അല്ലെങ്കിൽ എൽ.എൽ.ബി. വിഷയങ്ങളിൽ ഋചീകിനു തിളങ്ങാനാകുമെന്ന് അവർ കണ്ടെത്തി. അങ്ങനെ ബി.എം.എം. ജേണലിസത്തിനു ചേർന്നു. ആറു സെമസ്റ്റർ. 36 പരീക്ഷ. ആദ്യവട്ടംതന്നെ എല്ലാം ഇടതുകൈയിലൊതുക്കിയ പേനയിൽ എഴുതിയെടുത്തു. 2020-ലായിരുന്നു അവസാനപരീക്ഷ. 64 ശതമാനം മാർക്കോടെയുള്ള വിജയം ഋചീകിന്റെ കഠിനപ്രയത്നത്തിന് തിളക്കംകൂട്ടുന്നു.
കോവിഡ്കാലത്ത് കുറച്ചുനാൾ കേരളത്തിയിരുന്നു. അവിടെവെച്ച് തപാൽവകുപ്പിന്റെ ജി.ഡി.എസ്. (ഗ്രാമീണ ഡാക് സേവക്) പരീക്ഷയ്ക്ക് അപേക്ഷിച്ചു. മുംബൈ ആയിരുന്നു പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്തത്. അതിൽ വിജയിച്ചു. ഇപ്പോൾ തപാൽ വകുപ്പിന്റെ പനവേൽ എച്ച്.ഒ.യിൽ ജോലിചെയ്യുന്നു. മാർച്ച് ആദ്യമാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്. ഇനി പരീക്ഷകളെഴുതി തപാൽവകുപ്പിൽതന്നെ ഉയർന്ന തസ്തികകളിലേക്ക് കയറുകയാണ് ഋചീകിന്റെ ലക്ഷ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..