അരവിന്ദ് കെജ്‌രിവാൾ | Photo: ANI
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നൽകണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി വിധിയറിഞ്ഞ് രാജ്യത്തെ ജനങ്ങള്‍ ഞെട്ടിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.
കോടതി ഉത്തരവോടെ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് സംശയം ഇരട്ടിച്ചിരിക്കുകയാണെന്നും ആം ആദ്മി പാർട്ടി ദേശീയകൺവീനറായ അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു. കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി മോദിയുടെ ബിരുദരേഖകൾ തേടിയ കെജ്‌രിവാളിന് 25,000 രൂപ പിഴചുമത്തുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രിക്ക് വിദ്യാഭ്യാസമില്ലെങ്കില്‍ ഉദ്യോഗസ്ഥരും മറ്റുള്ളവരും വന്ന് അവര്‍ക്ക് വേണ്ടിടത്തെല്ലാം അദ്ദേഹത്തിന്റെ ഒപ്പ് വാങ്ങിക്കൊണ്ടുപോകുമെന്ന് കെജ്‍രിവാൾ പറഞ്ഞു. നോട്ട് നിരോധനംപോലെയുള്ള വിഷയങ്ങളില്‍ രാജ്യം ഒരുപാട് ബുദ്ധിമുട്ടി. മോദിക്ക് വിദ്യാഭ്യാസമുണ്ടായിരുന്നെങ്കില്‍ നോട്ട് നിരോധനം നടപ്പാക്കില്ലായിരുന്നെന്നും കെജ്‌രിവാള്‍ പറഞ്ഞു.
വിവരങ്ങള്‍ ആവശ്യപ്പെടാനും ചോദ്യങ്ങള്‍ ചോദിക്കാനും ജനാധിപത്യത്തില്‍ സ്വാതന്ത്ര്യമുണ്ടായിരിക്കണം. ഗുജറാത്ത് സര്‍വകലാശാലയിലോ ഡല്‍ഹി സര്‍വകലാശാലയിലോ പ്രധാനമന്ത്രി പഠിച്ചിട്ടുണ്ടെങ്കില്‍ അത് പറയുന്നതിനു പകരം ആ വിവരങ്ങള്‍ മറച്ചുവെക്കുകയാണ് അവര്‍ ചെയ്യുന്നത്.
മോദിക്ക് ബിരുദമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഗുജറാത്ത് സര്‍വകലാശാല അത് പുറത്തുകാണിക്കാത്തത്. മോദിയുടെ ധാര്‍ഷ്ട്യം കാരണമോ അതല്ലെങ്കില്‍ ബിരുദം വ്യാജമായതിനാലോ ആകാം വിവരം നല്‍കാത്തത്. വിദ്യാഭ്യാസമില്ല എന്നത് പാപമോ കുറ്റകൃത്യമോ അല്ല. ദാരിദ്ര്യംകാരണം പലര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസം നേടാന്‍ സാധിച്ചിരിക്കില്ല. ഒട്ടേറെ നിര്‍ണായക തീരുമാനങ്ങളെടുക്കുന്ന സുപ്രധാന പദവിവഹിക്കുന്നയാള്‍ എന്നനിലയ്ക്കാണ് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ചോദിച്ചതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
സുതാര്യതയ്ക്കുപോലും കടിഞ്ഞാൺ -കോൺഗ്രസ്
പുതിയ ഇന്ത്യയിൽ സുതാര്യതയ്ക്കുപോലും പരിധികല്പിക്കപ്പെടുകയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കുറ്റപ്പെടുത്തി. നരേന്ദ്രമോദിയുടെ ബിരുദവിവരം വെളിപ്പെടുത്തേണ്ടതില്ലെന്ന ഗുജറാത്ത് ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയം കോടതിയിലെത്തിയത് അമ്പരപ്പിക്കുന്നതാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. കോടതികളിൽ നാലുകോടി കേസുകൾ കെട്ടിക്കിടക്കുന്ന രാജ്യത്ത് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് വാദം നടക്കുന്നത് വിരോധാഭാസമാണ്. എന്തുകൊണ്ടാണ് ഈ സാഹചര്യം ഉണ്ടായതെന്ന് ജനങ്ങൾ തിരിച്ചറിയണം -അദ്ദേഹം പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..