ചെന്നൈ: ഇന്ത്യയുടെ രണ്ടാംതലമുറ ഗതിനിർണയ ഉപഗ്രഹം എൻ.വി.എസ്.-01 വഹിച്ച് ജി.എസ്.എൽ.വി. മാർക്-2 റോക്കറ്റ് തിങ്കളാഴ്ച കുതിച്ചുയരും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10.42-നാണ് വിക്ഷേപണം.
അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിന് (ജി.പി.എസ്.) ബദലായി ഇന്ത്യ വികസിപ്പിച്ച സ്ഥാനനിർണയ, ഗതിനിർണയ സംവിധാനമായ നാവിഗേഷൻ വിത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്) പദ്ധതിയുടെ ഭാഗമായാണ് എൻ.വി.എസ്.-01 വിക്ഷേപിക്കുന്നത്. ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐ.ആർ.എൻ.എസ്.എസ്.) ശ്രേണിയിലെ ഏഴ് ഉപഗ്രഹങ്ങളുടെ സ്ഥാനത്തേക്കാണ് അടുത്ത തലമുറയിൽപ്പെട്ട എൻ.വി.എസ്. ഉപഗ്രഹങ്ങൾ വരുന്നത്. ഈ ശ്രേണിയിലെ ആദ്യ ഉപഗ്രഹമാണ് 2232 കിലോഗ്രാം ഭാരമുള്ള എൻ.വി.എസ്.-01. ഈ പരമ്പരയിൽ അഞ്ച് ഉപഗ്രഹങ്ങളാണുള്ളത്.
കരയിലും ആകാശത്തും കടലിലുമുള്ള ഗതിനിർണയം, ദുരന്തനിവാരണം, സൈനികാവശ്യങ്ങൾ, സമുദ്രഗതാഗതം, വ്യോമഗതാഗതം, വ്യക്തിഗതയാത്രകൾ, ഭൂപടനിർമാണം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് നാവിക് ഉപയോഗപ്പെടുത്താം. സ്മാർട്ട്‌ഫോണുകൾവഴി സാധാരണക്കാർക്കും ഗതിനിർണയസേവനം ലഭ്യമാകും. നാവിക് പിന്തുണയുള്ള ഉപകരണങ്ങളിലേ ഇത് പ്രവർത്തിക്കൂ. കൃത്യതയുടെ കാര്യത്തിൽ മുന്നിലാണെങ്കിലും ജി.പി.എസിനെപ്പോലെ പ്രചാരം നേടാൻ നാവികിനായിട്ടില്ല. ഇന്ത്യയിലെ ഭൂരിപക്ഷം സ്മാർട്ട് ഫോണുകളും ഗൂഗിൾ മാപ്പുപോലുള്ള സേവനങ്ങൾക്ക് ഇപ്പോഴും ജി.പി.എസ്. സംവിധാനമാണ് ഉപയോഗിക്കുന്നത്. ഭാവിയിൽ സമാനമായ സേവനങ്ങൾ നാവികിന്റെ സഹായത്തോടെ നൽകാൻ സാധിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..