ഭരണാടയാളമായി ചെങ്കോൽ; പുതിയമന്ദിരത്തിൽ പുതുചരിത്രം


1 min read
Read later
Print
Share

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ നവചരിത്രമായി ചെങ്കോൽ. അധികാരത്തിന്റെ ഭരണാടയാളമായി ലോക്‌സഭാ ചേംബറിൽ സ്പീക്കറുടെ ഇരിപ്പിടത്തിന് വലതുഭാഗത്ത് ഇനി ചെങ്കോലുണ്ടാകും. മന്ദിരത്തിനകത്തു നടന്ന ആദ്യ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോൽ സ്ഥാപിച്ചു.

ഹോമത്തിനും വിശേഷാൽ പൂജകൾക്കുംശേഷം തമിഴ്‌നാട്ടിലെ ശൈവമഠങ്ങളിൽനിന്നെത്തിയ പുരോഹിതരിൽനിന്ന് സ്വീകരിക്കുംമുമ്പ് മോദി ചെങ്കോലിനെ സാഷ്ടാംഗം പ്രണമിച്ചു. തുടർന്ന് സ്പീക്കർ ഓം ബിർളയ്ക്കൊപ്പം ലോക്‌സഭാ ചേംബറിലെത്തി പ്രത്യേക പീഠത്തിൽ ചെങ്കോൽ പ്രതിഷ്ഠിച്ചു. വേദമന്ത്രോച്ചാരണങ്ങൾക്കും നാദസ്വരത്തിനും മധ്യേ നടന്ന ചടങ്ങിനൊടുവിൽ പുഷ്പാർച്ചനയും നടത്തി.

പവിത്രമായ ചെങ്കോലിന് നഷ്ടപ്പെട്ട അന്തസ്സ് സർക്കാർ തിരിച്ചുനൽകിയെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു. ചോളസാമ്രാജ്യത്തിൽ കർമപാതയുടെയും സേവനപാതയുടെയും രാഷ്ട്രപാതയുടെയും ചിഹ്നമായിരുന്നു ചെങ്കോൽ. അതു രാജ്യത്തിന്റെ സൗഭാഗ്യമാണ്. പാർലമെന്റ് സമ്മേളനങ്ങളിൽ എം.പി.മാർക്ക് ഇനി ചെങ്കോൽ പ്രചോദനശക്തിയാകും. സ്വാതന്ത്ര്യപ്രഖ്യാപനത്തിനുമുമ്പ് ബ്രിട്ടീഷുകാരിൽനിന്ന് അധികാരചിഹ്നമായി ലഭിച്ചതാണ് ചെങ്കോലെന്ന സർക്കാർ വാദത്തെച്ചൊല്ലിയുള്ള ചർച്ചകളും സൂചിപ്പിച്ച മോദി നിലപാടാവർത്തിച്ചു.

വിമർശിച്ച് പ്രതിപക്ഷം

ഫ്യൂഡൽ രാജവാഴ്ചക്കാലത്തിന്റെ ഭാഗമാണ് ചെങ്കോലെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിൽ വിമർശിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുള്ള ജനാധിപത്യ വ്യവസ്ഥിതിയിൽ ചെങ്കോലിന് ഒരു സ്ഥാനവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെങ്കോലിനെ സല്യൂട്ട് ചെയ്തപ്പോൾ വനിതാ ഗുസ്തിതാരങ്ങൾക്ക് മർദനമായിരുന്നെന്ന് സി.പി.ഐ. നേതാവ് ബിനോയ് വിശ്വം വിമർശിച്ചു. സർക്കാരിന്റെ ഭാഗത്തും പ്രതിപക്ഷത്തിന്റെ ഭാഗത്തും ന്യായമുണ്ടെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ ട്വീറ്റ് ചെയ്തു. ചെങ്കോലിനെ പാരമ്പര്യ ചിഹ്നമായി കാണാമെന്നും തരൂർ പറഞ്ഞു. തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള രാഷ്ട്രീയനാടകമാണ് ചെങ്കോലിന്റെ പേരിൽ നടത്തുന്നതെന്ന് ഫോർവേർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..