ചെന്നൈ: ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹം എൻ.വി.എസ്.-01 വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിൽ ഞായറാഴ്ച രാവിലെ തുടങ്ങി. തിങ്കളാഴ്ച രാവിലെ 10.42-നാണ് ഉപഗ്രഹവും വഹിച്ചുകൊണ്ട് ജി.എസ്.എൽ.വി. മാർക് -2 റോക്കറ്റ് കുതിച്ചുയരുക.
ഭൂസ്ഥിര ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നതിനുള്ള ജി.എസ്.എൽ.വി. മാർക് -2 റോക്കറ്റിന്റെ പതിനഞ്ചാമത്തെ വിക്ഷേപണമാണ് തിങ്കളാഴ്ചത്തേത്. 2232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ 251 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിലെത്തിക്കുന്നതിന് ജി.എസ്.എൽ.വി.ക്ക് 20 മിനിറ്റ് മതി. 51.7 മീറ്ററാണ് റോക്കറ്റിന്റെ ഉയരം. ഞായറാഴ്ച രാവിലെ 7.12-നാണ് 27.5 മണിക്കൂർ ദൈർഘ്യമുള്ള കൗണ്ട് ഡൗൺ തുടങ്ങിയത്.
അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റ(ജി.പി.എസ്.)ത്തിന് ബദലായി ഇന്ത്യ വികസിപ്പിച്ച സ്ഥാനനിർണയ, ഗതിനിർണയ സംവിധാനമായ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്) പദ്ധതിയുടെ ഭാഗമായാണ് എൻ.വി.എസ്.-01 വിക്ഷേപിക്കുന്നത്. ഇതിനുപയോഗിക്കുന്ന ഇന്ത്യൻ റീജണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐ.ആർ.എൻ.എസ്.എസ്.) ശ്രേണിയിലെ ഉപഗ്രഹങ്ങളുടെ സ്ഥാനത്തേക്കാണ് അടുത്ത തലമുറയിൽപ്പെട്ട എൻ.വി.എസ്. ഉപഗ്രഹങ്ങൾ വരുന്നത്. ഈ പരമ്പരയിലെ അഞ്ച് ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണ് എൻ.വി.എസ്.-01.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..