കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിലെ ഏക കോൺഗ്രസ് അംഗം ബായ്‍രൻ ബിശ്വാസ് തിങ്കളാഴ്ച ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലേക്ക് കൂടുമാറി.
പശ്ചിമ മേദിനിപുർ ജില്ലയിൽ തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നയിക്കുന്ന ജനസമ്പർക്കയാത്രയ്ക്കിടെയായിരുന്നു പാർട്ടിമാറ്റം. മുർഷിദാബാദ് ജില്ലയിലെ ന്യൂനപക്ഷ ആധിപത്യമുള്ള സാഗർദിഘി മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ.യാണ് ബിശ്വാസ്. ഈ വർഷമാദ്യം നടന്ന ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹം ഇടതുപിന്തുണയോടെ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചത്. കോൺഗ്രസും ഇടതുപക്ഷവും ഒത്തുകളിക്കുകയാണെന്നും അടുത്ത പൊതുതിരഞ്ഞെടുപ്പിൽ തനിച്ചു മത്സരിക്കുമെന്നും തൃണമൂൽ അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി തുടർന്നു പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസും ഇടതുപാർട്ടികളുമാകട്ടെ, ബംഗാളിൽ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് പ്രതികരിച്ചു.
എന്നാൽ ഉപതിരഞ്ഞെടുപ്പു നടന്നു മൂന്നുമാസം തികയുംമുമ്പെയുള്ള കാലുമാറ്റം കോൺഗ്രസിന് കനത്ത തിരിച്ചടിയായി. കോൺഗ്രസിന്റെ സഹായത്തോടെയല്ല താൻ ഉപതിരഞ്ഞെടുപ്പിൽ ജയിച്ചതെന്നാണ് ബായ്‍രൻ ബിശ്വാസ് പ്രതികരിച്ചത്. ബംഗാളിൽ തൃണമൂലിനെ എതിർക്കുന്നതിനാണോ കേന്ദ്രത്തിൽ ബി.ജെ.പി.ക്കെതിരേ പോരാടുന്നതിനാണോ കോൺഗ്രസ് പ്രാമുഖ്യം നൽകുന്നതെന്ന് വ്യക്തമാക്കണമെന്ന് മമതാ ബാനർജി ആവശ്യപ്പെട്ടു.
‘ബി.ജെ.പി.യുടെ വിഭജന, വിവേചന രാഷ്ട്രീയത്തിനെതിരേ പോരാടാൻ ബിശ്വാസ്‍ ശരിയായ വേദിയാണ് തിരഞ്ഞെടുത്തത്. ഈ പോരാട്ടത്തിൽ നമ്മൾ വിജയിക്കും’ -തൃണമൂൽ ട്വിറ്ററിലൂടെ പ്രതികരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..